എഡിറ്റര്‍
എഡിറ്റര്‍
ഭൂദാനം:കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ജയറാം രമേശ്
എഡിറ്റര്‍
Saturday 2nd November 2013 8:06am

Jayram-Ramesh

കണ്ണൂര്‍: സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ കേരളം മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്.

ഭൂരഹിതരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനായിരത്തിലേറെ കുടുംബങ്ങള്‍ക്ക് ഒരേ ദിവസം പട്ടയവിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും ജയറാം രമേശ് നിര്‍വഹിച്ചു.

രണ്ടു വര്‍ഷം കൊണ്ട് കേരളത്തിലാകെ രണ്ടരലക്ഷം പേര്‍ക്ക് ഭൂമി നല്‍കുന്നതിലൂടെ ഭൂരഹിതരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തുന്നതിന് നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ ഡോക്ടര്‍. രത്തന്‍ ഖേല്‍ക്കറെ ജയറാം രമേശ് പ്രത്യേകം പ്രശംസിച്ചു.

പ്രസ്തുത പദ്ധതിയിലൂടെ ഭൂമി ലഭിക്കുന്നവര്‍ക്ക് വീട് വെക്കാന്‍ ഇന്ദിര ആവാസ് യോജനയുടെ സഹായം ആവശ്യപ്പെട്ടാല്‍  നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ഹാന്‍ഡ്‌ലൂം വില്ലേജ് സ്ഥാപിക്കാനുള്ള ആവശ്യം ഗൗരവത്തോടെ പരിഗണിക്കും.

കെ.കരുണാകരന്‍,എ.കെ.ജി, ഇ.കെ നായനാര്‍, സുകുമാര്‍ അഴീക്കോട് എന്നീ പ്രഗത്ഭരെ സമ്മാനിച്ച ജില്ലയാണ് കണ്ണൂര്‍.

എന്നാല്‍ ആര്‍.എസ്.എസും സി.പി.എമ്മും മോശം മുഖമാണ് നല്‍കുന്നതെന്നും ഈ പദ്ധതിയിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ കണ്ണൂരിന്റെ നല്ല മുഖമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം താഴെയാണെങ്കിലും മറ്റ് പല കാര്യങ്ങളിലും കേരളം മുന്നിലാണ്.

ഇത് രണ്ടാം ഭൂദാനപ്രസ്ഥാനമാണെന്നും ഗാന്ധിജിയുടെയും ഭൂദാനപ്രസ്ഥാനത്തിന്റെ നേതാവ് ആചാര്യ വിനോബഭാവെ യുടെയും ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായ ചടങ്ങില്‍ പട്ടികവിഭാഗക്കാര്‍ക്കുള്ള പട്ടയവിതരണം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു.

കെ.സുധാകരന്‍,എം.എല്‍.എ മാരായ എ.പി അബ്ദുല്ലക്കുട്ടി, സണ്ണി ജോസഫ്, നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി മോഹന്‍ദാസ്, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പി.ടി.ജോസ്, പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി.ടി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Advertisement