Administrator
Administrator
ജയിലിലെ തീവ്രവാദം: നടപടി ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി
Administrator
Friday 21st October 2011 10:30am

തിരുവനന്തപ്പുരം: കേരളത്തിലെ ജയിലുകളില്‍ തീവ്രവാദത്തിന്റെ വേരുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജയില്‍ എ.ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. എ.ഡി.ജിപിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചവേണമെന്ന് ചൂണ്ടിക്കാട്ടി രാജു എബ്രഹാം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമേറിയതാണ്. ജയിലില്‍ നിന്ന് വിദേശത്തേക്ക് വരെ വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെ സഹായം തേടാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഇന്നു തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശദമായി തയ്യറാക്കിയ മറുപടിയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയില്ല. ഇക്കാര്യത്തില്‍ പൊതുവികാരമാണ് നിയമസഭയില്‍ കണ്ടത്.

കണ്ണൂര്‍ ജയിലിനുള്ളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമാണ് എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിത്. ജയിലിനുള്ളില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചു വിദേശ രാജ്യങ്ങളിലേക്കു വിളിച്ചെന്നും ഇത് അപകടകരമായ തീവ്രവാദ ഓപ്പറേഷനിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തടവുകാരില്‍ നിന്ന് പിടിച്ചെടുത്ത 120 ഫോണുകളില്‍ 28 ഫോണിന്റെ കോള്‍ വിശദാംശങ്ങളാണു ഹൈടെക് സെല്ലില്‍ നിന്നു ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 500 പേജുകളിലായി 3500 ലേറെ കോളുകളുടെ വിവരങ്ങളാണു ലഭിച്ചത്. അക്ഷരവും അക്കവും ഇടകലര്‍ന്ന 18 അക്ക നമ്പറുകള്‍ ജയിലില്‍ നിന്ന് വിളിച്ചതായി കാണുന്നു. ഇവ സാറ്റലൈറ്റ് ഫോണ്‍ നമ്പറുകളാണ്. 18 അക്ക നമ്പറുകളെല്ലാം രാജ്യാന്തര കോളുകളാണ്. 16 അക്ക നമ്പറുകള്‍ വിളിച്ചിട്ടുണ്ട്. അമേരിക്കയിലേക്കും ഈ നമ്പറുകളില്‍ നിന്ന് വിളിച്ചിട്ടുണ്ട്. അഞ്ച് അക്ക നമ്പറുകള്‍ കോള്‍ ഡൈവേര്‍ട്ട് ചെയ്തിട്ടുണ്ട്. കോള്‍ ഡൈവേര്‍ട്ട് പോയത് പാക്കിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ സൊമാലിയയിലേക്കോ ആണ്.

നാല് അക്ക നമ്പറുകളും കാണുന്നു. ഇത് ഇന്റര്‍നെറ്റ് നമ്പറുകളാണ്. എട്ടക്ക നമ്പറും ആറക്ക നമ്പറും കാണുന്നു. ഇവ രണ്ടും ഇന്ത്യയിലെ 10 അക്ക മൊബൈലുകളിലേക്ക് പോയിട്ടുള്ളതല്ല. അവ വിദേശ രാജ്യവുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ജയിലുകളില്‍ നടന്നുവെന്നാണ്.

Advertisement