എഡിറ്റര്‍
എഡിറ്റര്‍
സ്ഥിതി സമത്വ സൂചികയില്‍ കേരളം മുന്നില്‍
എഡിറ്റര്‍
Monday 11th November 2013 4:57pm

equality1

ന്യൂദല്‍ഹി: സ്ഥിതി സമത്വ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ക്രിസിലിന്റെ പഠനറിപ്പോര്‍ട്ട് പ്രകാരമാണ് കേരളം മുന്നിലെത്തിയിരിക്കുന്നത്.

അഭിവൃദ്ധിയുള്ള സംസ്ഥാനങ്ങളില്‍ മുന്നില്‍ പഞ്ചാബ് ആണ്. തൊട്ട് പുറകിലായി കേരളവും ഉണ്ട്. പ്രതിശീര്‍ഷവരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.

സമത്വം, പ്രതിശീര്‍ഷവരുമാനം, അഭിവൃദ്ധി എന്നിവയെല്ലാം എടുക്കുമ്പോഴും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഒരോയൊരു സംസ്ഥാനം കേരളം മാത്രമാണ്.

ഈട് നില്‍ക്കുന്ന ഉപഭോക്തൃവസ്തുക്കളുടെ ഉടമകളെ ആധാരമാക്കിയുള്ള ക്രിസിലിന്റെ പഠനത്തില്‍ നീണ്ട കാലം നില്‍ക്കുന്ന ഉപഭോക്തൃ വസ്തുക്കള്‍ കൂടുതലുള്ളത് പഞ്ചാബികള്‍ക്കാണ്. കാര്‍ഷികരംഗത്തെ അഭിവൃദ്ധിയും ധാന്യങ്ങളുടെ സംഭരണവും മെച്ചപ്പെട്ട തറവിലയുമെല്ലാം പഞ്ചാബിലെ സമൃദ്ധിക്ക് കാരണങ്ങളാണ്.

ടൂറിസം മേഖലയിലെ മികവും മികച്ച കൃഷിഭൂമിയുമാണ് കേരളത്തെ സമൃദ്ധിയുടെ കാര്യത്തില്‍ രണ്ടാമതെത്തിച്ചത്. കേരളത്തില്‍ വന്‍തോതില്‍ പണം കൈമാറ്റം നടത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹരിയാന, തമിഴ്‌നാട്, കര്‍ണാടക എന്നിവ കേരളത്തിന് തൊട്ട് പിന്നിലാണ്. റിപ്പോര്‍ട്ടില്‍ ഏറ്റവും പുറകിലുള്ളത് പശ്ചിമബംഗാള്‍, ബീഹാര്‍, ഒഡീഷ തുടങ്ങിയവയാണ്.
ആസ്ഥിയുടെ അന്തരം ഏറ്റവും കൂടുതലുള്ളത് ആന്ധ്രയിലും കുറവുള്ളത് പഞ്ചാബിലും കേരളത്തിലുമാണ്.

രാജ്യത്തെ മികച്ച തലസ്ഥാനമായി ചെന്നൈ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോശം തലസ്ഥാനങ്ങളായി പാട്‌നയും റായ്പൂരും പട്ടികയില്‍ ഇടംപിടിച്ചു.

പ്രതിശീര്‍ഷവരുമാനത്തില്‍ മഹാരാഷ്ട്ര മുന്‍പിലാണെങ്കിലും ഈട് നില്‍ക്കുന്ന വസ്തുക്കള്‍ സ്വന്തമായുള്ളവരുടെ എണ്ണമെടുത്താല്‍ ആറ് സംസ്ഥാനങ്ങളേക്കാള്‍ പുറകിലുമാണ്.

ഗുജറാത്തിലെ മോദി വികസനം എന്ന് വാഴ്ത്തിപ്പാടുമ്പോഴും അഭിവൃദ്ധിയില്‍ തമിഴ്‌നാടിനൊപ്പം അഞ്ചാം സ്ഥാനത്തും ആളോഹരി വരമാനത്തില്‍ മൂന്നാം സ്താനത്തുമാണ് ഗുജറാത്ത്. സമത്വത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍പോലും എത്താന്‍ ഗുജറാത്തിന് കഴിഞ്ഞിട്ടില്ല.

Advertisement