കൊച്ചി: കേരളത്തില്‍ നിന്നും ഒരു ഐ പി എല്‍ ക്രിക്കറ്റ് ടീം യാഥാര്‍ഥ്യമാകുമോ? കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്ന സ്വപ്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനുമാണ്. പദ്ധതി സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ക്കായി പ്രിയന്‍ മുംബൈയിലെത്തിക്കഴിഞ്ഞു. ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുമായി പ്രിയന്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.

ചില ബോളിവുഡ് സൂപ്പര്‍ താരങ്ങളെയും മറ്റ് ചില ബിസിനസുകാരെയും ചേര്‍ത്താണ് ടീം രൂപീകരണത്തിന് ഒരുങ്ങുന്നത്. 1015 കോടി രൂപയാണ് ഒരു ഐ പി എല്‍ ടീം സ്വന്തമാക്കാന്‍ വേണ്ട കുറഞ്ഞ തുക. കേരളത്തില്‍ നിന്നുളള ഐ പി എല്‍ ടീമിനായി മോഹന്‍ലാലിനു പുറമെ ആന്ധ്രയില്‍ നിന്നുളള കമ്പനി ഉള്‍പ്പെടെ രണ്ട് കമ്പനികളും രംഗത്തുണ്ട്. അതത് സംസ്ഥാനങ്ങളില്‍ നിന്ന് നാല് അംഗങ്ങള്‍ ഒരു ഐ പി എല്‍ ട്വന്റി ട്വന്റി ടീമില്‍ ഉണ്ടാവണമെന്നാണ് ചട്ടം.