കൊച്ചി: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച എമര്‍ജിംഗ് ‘കേരള 2012’ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. കേരള സ്‌റ്റേറ്റ് വ്യവസായ വികസന കോര്‍പറേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

എമര്‍ജിംഗ് കേരള 2012 പരിപാടിക്ക് സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടി പദ്ധതി സുതാര്യമാക്കുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസായ വികസനം സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തുന്ന തരത്തില്‍ നയം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെ. എസ്. ഐ. ഡി. സി നടപടി ക്രമത്തിന്റെ ഫീസ് 75000 രൂപ തവണ വ്യവസ്ഥയില്‍ ലോണായി നല്‍കുന്നത് നിക്ഷേപകര്‍ക്ക് പ്രോത്സാഹനമാകുമെന്ന്് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

വിദേശ നിക്ഷേപകര്‍ക്ക് 2% പ്രത്യേക നികുതിയിളവും സ്വദേശി നിക്ഷേപകര്‍ക്ക് ലോണും നല്‍കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരുവനന്തപ്പുരം ടെക്‌നോപാര്‍ക്കില്‍ ആഗോള പരിശീലന അക്കാദമി സ്ഥാപിക്കാന്‍ ഐ. ടി ഭീമന്‍മാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസും കേരളവും തമ്മില്‍ 1000 കോടിരൂപയുടെ കരാറിന്മേല്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.