എഡിറ്റര്‍
എഡിറ്റര്‍
റിച്ചാര്‍ഡ് ലീകോക്ക് ഹോമേജ് വിഭാഗത്തില്‍ നെഹ്രുവിനെക്കുറിച്ചുള്ള ചിത്രവും
എഡിറ്റര്‍
Saturday 9th June 2012 4:40pm

അഞ്ചാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി , ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രശസ്ത ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രകാരന്‍ റിച്ചാര്‍ഡ് ലീകോക്കിന്റെ 12 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 1961 ല്‍ നിര്‍മ്മിച്ച ജവഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത അവസാന തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച ഡോക്യുമെന്ററിയും ഉള്‍പ്പെടുന്നു. ജൂണ്‍ 10 രാത്രി 8.30ന് ട്രാന്‍സ് ടവര്‍ ഹാളില്‍ ‘നെഹ്രു’ പ്രദര്‍ശിപ്പിക്കും.

ചെലവ് കുറഞ്ഞ ചലച്ചിത്രനിര്‍മ്മാണത്തിന്റെ പ്രചാരകനായ ലീകോക്കിന്റെ ആദ്യകാല ഹ്രസ്വചിത്രങ്ങളായ കാനറി ബനാനാസ്, റ്റോബി ആന്റ് ദി റ്റോള്‍ കോണ്‍, ഹാപ്പി മദേഴ്‌സ് ഡേ,ചീഫ്‌സ് എന്നിവയും ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. റിച്ചാര്‍ഡ് ലീക്കോക്കിന്റെ ജീവചരിത്രം പ്രതിപാദിക്കുന്ന, ജയിന്‍ വീനര്‍ സംവിധാനം ചെയ്ത, ഓണ്‍ ബീയിങ് ദെയര്‍ വിത്ത് റിച്ചാര്‍ഡ് ലീകോക്ക് എന്ന ചിത്രവും ഈ സ്മൃതി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ജാസ് ഡാന്‍സ്, എ മ്യൂസിക്കല്‍ അഡ്വഞ്ചര്‍ ഇന്‍ സൈബീരിയ, പ്രൈമറി, ദി ചില്‍ഡ്രന്‍ വേര്‍ വാച്ചിങ്, ദി ചെയര്‍,എന്നിവയാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന  ലീകോക്ക് ചിത്രങ്ങള്‍.

1935 ല്‍ പതിനാലാം വയസ്സില്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള 16 എംഎം നിശബ്ദചിത്രമായ കാനറി ബനാനാസ് നിര്‍മ്മിച്ചുകൊണ്ടാണ് ലീകോക്ക് തന്റെ ചലച്ചിത്രസപര്യ ആരംഭിച്ചത്. ഈ ചിത്രത്തിന്റെ തിരക്കഥയും കാമറയും എഡിറ്റിങ്ങും സംവിധാനവുമെല്ലാം ലീകോക്ക് തന്നെയാണ് നിര്‍വ്വഹിച്ചത്.

1921 ജൂലൈ 18 ന് ലണ്ടനില്‍ ജനിച്ച ലീകോക്ക് ഡോക്യുമെന്ററി ചലച്ചിത്രശാഖയില്‍ മൗലികതകൊണ്ട് അമ്പരിപ്പിക്കുന്ന മാറ്റങ്ങള്‍ സൃഷ്ടിച്ചു. നിര്‍മ്മാണഘടനയിലെയും പ്രമേയങ്ങളിലെയും പരമ്പരാഗത സമ്പ്രദായം കൊണ്ട്  ഡോക്യുമെന്ററി ചിത്രങ്ങള്‍ക്കുണ്ടാകുന്ന വിരസത പുതിയ സാങ്കേതികവിദ്യകളും ചടുലവും നാടകീയവുമായ  ദൃശ്യാവിഷ്‌കാരവും  ഉപയോഗിച്ച്  ലീകോക്ക് മറികടന്നിരുന്നു.

ആധുനിക ഡോക്യുമെന്ററിയുടെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന  ലീകോക്ക് ,  ഡോക്യുമെന്ററി ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒരുപിടി ചിത്രങ്ങള്‍ ലോകത്തിന് കാഴ്ചവച്ചിട്ട് , ഇക്കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 നാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

Advertisement