പട്ടാളത്തെ വിളിക്കൂ നാടിനെ രക്ഷിക്കൂ എന്ന്

പട്ടാപ്പകല്‍ ആളുകേള്‍ക്കെ ഒരു ന്യായാധിപന്‍ മൊഴിഞ്ഞാല്‍

വട്ടാണെന്ന് തോന്നാം, എന്നാല്‍ കാര്യമതല്ല.

പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചൊരു കൊമ്പല്ല.

കേട്ടതൊന്നും അറിയാതുറഞ്ഞു പറഞ്ഞതുമല്ല.

കുറച്ചായ്  കാലം,

കൃഷ്ണ്ണയ്യരും ഭഗവതിയും ചന്ദ്രചൂഡുമെല്ലാം

അരങ്ങൊഴിഞ്ഞൊരു കാലത്ത്

നിയോലിബറല്‍ നയങ്ങള്‍ നാട് തകര്‍ക്കുമ്പോള്‍

നടുക്കഷ്ണം തിന്നുകയാണ് കോടതി.

(പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍

നടുക്കഷണം തിന്നണമെന്ന് പഴമൊഴി !)

വര്‍ഷങ്ങള്‍ക്ക് മുന്‍പാണൊരു തിരഞ്ഞെടുപ്പുവേളയില്‍

ചെങ്ങന്നൂര്‍ ദേവീക്ഷേത്ര ഭിത്തിയിലൊരു ചുവരെഴുത്ത്

“ജനാധിപത്യം തുലയട്ടെ

തിരുവിതാംകൂര്‍ രാജാവ് നീണാള്‍ വാഴട്ടെ,

രാജാധിപത്യം പുന:സ്ഥാപിക്കുക ”

പട്ടാളത്തെയും രാജാവിനെയും വിളിച്ച് രക്ഷതേടുന്നവര്‍

ചരിത്രബോധം തൊട്ടുതീണ്ടാത്തവര്‍

അയല്‍ നാട് പാക്കിസ്ഥാനില്‍

തൊപ്പിതെറിച്ച ന്യായാധിപന്‍മാര്‍

പട്ടാളത്തെകണ്ട് ഉടുതുണിയഴിഞ്ഞ്

തണുത്തുവിറച്ച് കിടുകിടാ നടുങ്ങിയപ്പോള്‍

അവര്‍ക്ക് ആടയാഭരണങ്ങള്‍ നല്‍കി

പഴയ കസേരയിലിരുത്താന്‍  മുതിര്‍ന്നതാര്?

ജനാധിപത്യബോധം കൈവിടാത്ത ജനങ്ങള്‍, അവരുടെ രാഷ്ട്രീയം.

അറിയാം ഞങ്ങള്‍ക്ക്,

ചെയ്യാനേറെയൊന്നുമില്ല ന്യായാധിപന്,

ജനപക്ഷത്താണ് അയാള്‍ നില്‍ക്കുന്നതെങ്കില്‍.

ഒരു വിഅര്‍ കൃഷ്ണയ്യരോ ഒരു ചന്ദ്രചൂഡോ

അപൂര്‍വ്വ സംഭാവ്യതയാ, ണതിനെല്ലുറപ്പുവേണം.

നിലവിലുളള നിയമങ്ങളാകെ ഭരണവര്‍ഗ്ഗാനുകൂലം തന്നെ.

അതിന്‍റെ നാലതിരുകള്‍ക്കുളളിലെ

തടവിലാണ് ന്യായാധിപന്‍.

എന്നാലതറിയാ, തുത്തരം താങ്ങും പല്ലിപോല്‍

ചിലര്‍ കരുതും, തങ്ങളാണിതാകെ താങ്ങിനിര്‍ത്തുന്നതെന്ന് !

കാന്തം കരുതും, തനിക്ക് തെക്കുവടക്ക് നില്‍ക്കാനുളള സ്വാതന്ത്ര്യമുണ്ടെന്ന്  !

കിഴക്ക് പടിഞ്ഞാറായി നില്‍ക്കാനാവില്ലെന്നതിനറിയില്ല.

കാന്തത്തിന്‍റെ ശുഭംത്വത്തെ എന്തുപേര് ചൊല്ലിവിളിക്കാം?

വമ്പത്തരമല്ല, ശുംഭത്വം തന്നെ.

തൂക്കിലിടാനും ന്യായാധിപന് അധികാരമുണ്ട്,

പക്ഷേ നിലവിലുളള നിയമങ്ങള്‍ക്ക് കീഴ്പ്പെട്ട് മാത്രം.

എന്നാല്‍ ന്യായാധിപനെ തൂക്കിലിടാന്‍ പട്ടാളത്തിന്

വകുപ്പേതും വേണ്ട, അനുഭവമതാണല്ലോ.

ആകയാല്‍ മഹാമുനേ, തലമറന്നെണ്ണതേക്കല്ലേ

തലയുള്ളേടത്തോളമേ തനിക്കും നിലനില്‍പ്പുളളൂ.