കോഴിക്കോട്: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് ദേശിയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. കോഴിക്കോട് കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിലായിരുന്നു അധ്യക്ഷ നിലപാട് ആവര്‍ത്തിച്ചത്.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട്. ഇതിന് പലതിനും പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണ്,മറ്റൊരു മതത്തോടുള്ള സ്‌നേഹം കൊണ്ടല്ല കേരളത്തില്‍ പലമത മാറ്റങ്ങളും നടക്കുന്നത്. ഇതിനെതിരെ കേരള സര്‍ക്കാറാണ് നടപടിയെടുക്കേണ്ടതെന്നും അധ്യക്ഷ പറഞ്ഞു.

ഹാദിയ വിഷയത്തില്‍ ലൗ ജിഹാദ് നടന്നിട്ടില്ലെന്നും എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കമ്മീഷന്‍ കഴിഞ്ഞ ദിവസം ഹാദിയെ സന്ദര്‍ശിച്ച ശേഷം വിലയിരുത്തിയിരുന്നു.


Also Read ‘നോട്ട് നിരോധനം അടിവേരിളക്കി’; ഒരു വര്‍ഷത്തിനിടെ രാജ്യത്ത് പൂട്ടിയത് 2.24 ലക്ഷം കമ്പനികള്‍; തൊഴില്‍ നഷ്ടപ്പെട്ടത് 60 ലക്ഷത്തിലധികം പേര്‍ക്ക്


എന്നാല്‍ രേഖ ശര്‍മ്മയുടെ പ്രസ്താവന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ തള്ളിയിരുന്നു. കേരളത്തെ കുറിച്ച് വ്യക്തമായി മനസിലാക്കാതെയാണ് ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവനയെന്നും കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും ജോസഫൈന്‍ പ്രതികരിച്ചു.

കേരളത്തെ കുറിച്ച് ശരിക്കും മനസ്സിലാക്കാതെ സംസ്ഥാനത്തെ ഇകഴ്ത്തി കാട്ടാനാണ് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ ശ്രമിക്കുന്നതെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.