hajj

ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി

വിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള ആദ്യ സംഘങ്ങള്‍ ചൊവ്വാഴ്ച മക്കയിലും മദീനയിലും എത്തിച്ചേര്‍ന്നു. നിശ്ചിത സമയത്തിലും മൂന്നുമണിക്കുര്‍ വൈകി ഉച്ചക്ക് ശേഷം നാലിന് ദല്‍ഹിയില്‍ നിന്നുള്ള ഹാജിമാരുമായി നാസ് എയര്‍ 248 ഹാജിമാരുമായി കിംങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.ഒ.എച്ച് ഫാറൂഖ്, ഹജ്ജ് കോണ്‍സല്‍ ബി.എസ്.മുബാറക്, വൈസ് കോണ്‍സല്‍ എസ് ടി മൂര്‍ത്തി, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ ബോബി മാനാട്ട്, അബ്ദുല്‍ മാജിദ് തുടങ്ങിയവര്‍ ഹാജിമാരെ സ്വീകരിക്കാനെത്തിയിരുന്നു.

കേരളത്തില്‍നിന്നുള്ള ആദ്യവിമാനം വൈകീട്ട് ഏഴിന് തന്നെ ജിദ്ദയില്‍ വന്നിറങ്ങി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ജിദ്ദാ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഭാരവാഹികളും ഇവരെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം തീര്‍ഥാടകരെ നേരെ മക്കയില്‍ മുതവ്വഫ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഹറമിന് 400മീറ്റര്‍ അകലെ ശാമിയയില്‍ 251ാം നമ്പര്‍ കെട്ടിടത്തിലാണ് ഇവരുടെ താമസം.

ദിനേന ഒരു വിമാനമെന്ന രീതിയില്‍ ഇന്നു മുതല്‍ അടുത്ത മാസം 20 വരെയായി 32 സര്‍വീസുകളാണ് ഹജ്ജിനു വേണ്ടി സൗദി അറേബ്യന്‍ വിമാനക്കമ്പനിയായ നാസ എയര്‍ ക്രമീകരിച്ചിരിക്കുന്നത്.

കേന്ദ്ര ഹജ് കമ്മിറ്റി മുഖേനയുള്ള മലയാളി ഹജ് തീര്‍ഥാടകരില്‍ പകുതി പേര്‍ക്കും ഹജ്ജിന് മുമ്പ് തന്നെ മദീനയില്‍ റൗള ഷെരീഫ് സന്ദര്‍ശനത്തിനു സൗകര്യം ലഭിക്കും. അടുത്ത മാസം അഞ്ചു വരെയുള്ള തീര്‍ഥാടകര്‍ക്കായിരിക്കും ഒന്നാം ഘട്ട മദീന തീര്‍ഥാടന സൗകര്യം. ഹറം പള്ളിയില്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നതിനും വിശ്രമത്തിനുമായി മൂന്നു ദിവസത്തോളം തീര്‍ഥാടകര്‍ ഇവിടെ തങ്ങിയ ശേഷമാകും മദീനയിലേക്കു പോവുക. പ്രവാചക നഗരിയില്‍ എട്ടു ദിവസം താമസിക്കാന്‍ അനുവാദമുണ്ട്. തുടര്‍ന്നു ഹജ് കര്‍മത്തിനായി ഇവരെ വീണ്ടും മക്കയിലെത്തിക്കും.

ആദ്യ ഘട്ടത്തില്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയവരെ ഹജ്ജിനു ശേഷം ജിദ്ദ വഴി നാട്ടിലേക്ക് അയക്കാനാണ് ഇന്ത്യന്‍ ഹജ് മിഷന്‍ അധികൃതരുടെ ആലോചന. അടുത്ത മാസം അഞ്ചിനു ശേഷം ജിദ്ദ വഴി മക്കയിലെത്തുന്ന തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ഹജ്ജിനു ശേഷമായിരിക്കും. തുടര്‍ന്നു മദീനയില്‍ നിന്നു നേരിട്ടു കരിപ്പൂരിലേക്കു മടങ്ങാനാണു സാധ്യത. ഇതു സംബന്ധിച്ച അന്തിമ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. ജിദ്ദ വിമാനത്താവളത്തില്‍ സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്നു മലയാളി ഹാജിമാരുടെ മടക്കയാത്ര മദീന വഴിയാണു ക്രമീകരിച്ചത്.

ജിദ്ദ വഴി മക്കയില്‍ വരുന്നവര്‍ നേരെ മക്കയിലെത്തി ഉംറ നിര്‍വഹിക്കുകയും രണ്ടു മൂന്നു ദിവസത്തിനു ശേഷം മദീനയിലേക്കു പുറപ്പെടുകയുമാണ് പതിവ്. എട്ടു ദിവസത്തെ മദീന വാസത്തിനു ശേഷം ഹജ് കര്‍മത്തിനായി മക്കയില്‍ തിരിച്ചെത്തി ജിദ്ദ വഴി മടങ്ങും. എന്നാല്‍ ഈ രീതിക്കു കഴിഞ്ഞ രണ്ടു വര്‍ഷമായി മാറ്റം ഉണ്ടായി. കഴിഞ്ഞ രണ്ടു വര്‍ഷമായി മദീന വഴിയായിരുന്നു തീര്‍ഥാടകര്‍ മക്കയിലെത്തിയിരുന്നത്.

മദീന വഴി വന്നിട്ടില്ലാത്ത അന്യസംസ്ഥാന തീര്‍ഥാടകര്‍ക്കു കൂടി മദീന വഴിയുള്ള തീര്‍ഥാടന സൗകര്യം ഒരുക്കുന്നതിനാണു മലയാളി ഹാജിമാരുടെ യാത്രയില്‍ മാറ്റം വരുത്തിയത്. അതേസമയം, മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇവരെ ഹജ്ജിനു ശേഷം വീണ്ടും മടക്കയാത്രക്കായി മദീന വിമാനത്താവളത്തില്‍ എത്തിക്കുന്ന തരത്തില്‍ തയാറാക്കിയ യാത്രാ ക്രമീകരണം പ്രായോഗികമല്ലെന്നു കേന്ദ്ര ഹജ് കമ്മിറ്റിയെ ഇന്ത്യന്‍ ഹജ് മിഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഹജ്ജ്് തീര്‍ഥാടകര്‍ അനുമതി ഇല്ലാത്ത സ്ഥലങ്ങളിലേക്കു സഞ്ചരിക്കുന്നതും ജോലിയിലും കച്ചവടത്തിലും ഏര്‍പ്പെടുന്നതും ശിക്ഷാര്‍ഹമാണെന്നു സൗദി ഹജ് മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തീര്‍ഥാടക വീസയിലെത്തുന്ന വിശ്വാസികള്‍ക്കു സൗദി മുഴുവന്‍ സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമില്ല.

വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവക്കു പുറമെ ജിദ്ദ മാത്രമാണു സന്ദര്‍ശനാനുമതിയുള്ള സ്ഥലം. ഇവ മൂന്നുമല്ലാത്ത സ്ഥലങ്ങളിലേക്കു പോകുന്നതും അവരെ ബന്ധുക്കളോ സുഹൃത്തുക്കളോ കൊണ്ടുപോകുന്നതും രണ്ടു വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ (24 ലക്ഷത്തിലേറെ രൂപ) വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നു സൗദി ഹജ് മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് ഹറം പള്ളിക്കു സമീപമുള്ള അജ്‌യാദില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന ആശുപത്രി ഹറം പള്ളി വികസന സമയത്തു പൊളിച്ചുമാറ്റിയതിനു പകരമായാണു പുതിയതു നിര്‍മിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള 1.60 ലക്ഷം ഹജ് തീര്‍ഥാടകര്‍ക്കായി ഈ വര്‍ഷം ഇന്ത്യയില്‍ നിന്നു മക്കയിലെത്തുക 500 പേരടങ്ങുന്ന മെഡിക്കല്‍ സംഘം. ഇരുനൂറോളം പേര്‍ ഇതിനകം ഇവിടെ എത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘത്തില്‍ വനിതകള്‍ ഉള്‍പ്പെടെ 120 ഡോക്ടര്‍മാര്‍ ഉണ്ട്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ മരുന്നുകളും ശേരിച്ചിട്ടുണ്ട്.

പന്നിപ്പനിയുടെ പശ്ചാത്തലത്തില്‍ സൗദി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് തീര്‍ഥാടകര്‍ക്കു വേണ്ടമാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കാനാണു മെഡിക്കല്‍ സംഘത്തെ നേരത്തെ എത്തിച്ചത്. മക്കയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു പന്നിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യന്‍ സംഘത്തിനു സൗകര്യം ഒരുക്കുമെന്നും ഹജ് കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക് പറഞ്ഞു.