നെടുമ്പാശേരി: പരിശുദ്ധ ഹജ്ജിനുശേഷം തിരിച്ചെത്തിയവര്‍ക്ക് സംസം വെള്ളം ലഭിച്ചില്ലെന്നാരോപിച്ച് ഹാജിമാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. രാവിലെ 6.30ന് ബഹ്‌റിന്‍ എയറിന്റെ ഫ്‌ളൈറ്റില്‍ എത്തിയവരാണ് പ്രതിഷേധിച്ചത്.

എല്ലാ ഹാജിമാര്‍ക്കും പ്രത്യേക കന്നാസില്‍ സംസംവെള്ളം കരുതിയിരുന്നു. എന്നാല്‍ വിമാനത്തില്‍ ഭാരംകൂടുമെന്ന് പറഞ്ഞ് അധികൃതര്‍ ഇത് വിമാനത്തില്‍ കയറ്റിയിരുന്നില്ല. വിമാനത്താവളത്തിലെത്തിയ ശേഷമാണ് ഹാജിമാര്‍ ഇക്കാര്യമറിയുന്നത്.

ഒടുവില്‍ സംസംവെള്ളം എല്ലാ ഹാജിമാരുടേയും വീടുകളില്‍ നേരിട്ട് എത്തിച്ചുകൊടുക്കുമെന്ന ഉറപ്പിനുശേഷമാണ് ഹാജിമാര്‍ സമരമവസാനിപ്പിച്ചത്.