തിരുവനന്തപുരം: വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ തെറ്റിധരിപ്പിച്ചതായി ആരോപണം.

വൈദ്യുതമേഖലയുടെ സ്വകാര്യവത്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് കാണിച്ച് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി എം.ശിവശങ്കര്‍ കേന്ദ്രത്തിനയച്ച കത്ത് പുറത്തായതോടെയാണ് ഈ മേഖല സ്വകാര്യവത്കരിക്കില്ലെന്ന ആര്യാടന്റെ പ്രസ്താവന തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണെന്ന് തെളിഞ്ഞത്.

Ads By Google

സ്വകാര്യവത്കരണത്തിന്റെ ഭാഗമായി മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇളവുകള്‍ക്ക് അര്‍ഹത ലഭിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിനറിയാം. സ്വകാര്യവത്കരണത്തിന്റെ ഭാഗമായുള്ള കേന്ദ്രത്തിന്റെ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണെന്ന് കാണിച്ചാണ് കേരളം കത്തയച്ചിരിക്കുന്നത്.

വൈദ്യുതവിതരണ മേഖല സ്വകാര്യവത്കരിക്കുന്നതോടെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകും. വര്‍ഷങ്ങളായി കേരളത്തിലെ വൈദ്യുതമേഖല സ്വകാര്യവത്കരണം നടപ്പാക്കാനായി കേന്ദ്രം  സംസ്ഥാനത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുതായും , വൈദ്യുത വിതരണമേഖലയിലെ സ്വകാര്യ കുത്തകകളുടെ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

സ്വകാര്യവത്കരണം സംബന്ധിച്ച് പതിനഞ്ചു ദിവസത്തിനുള്ളില്‍ നടപടി എടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടത്. പക്ഷെ വൈദ്യുത  വിതരണമേഖല സ്വകാര്യവത്കരിക്കില്ലെന്നും ഈ മേഖല കാര്യക്ഷമമാക്കുന്നതിനായുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയതെന്നുമാണ് ആര്യാടന്‍ പറഞ്ഞത്.

കേന്ദ്രത്തിന്റെ സാമ്പത്തിക പുന:സംഘടനാ പദ്ധതി മാത്രമാണ് നടത്തുകയെന്നും കെ.എസ്.ഇ.ബി നിലവില്‍ 200 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പുന:സംഘനടാ പദ്ധതി മാത്രമാണ് വഴിയെന്നും, എന്നാല്‍ സ്വകാര്യ വത്കരണം നടത്തില്ലെന്നും ആര്യാടന്‍ അറിയിച്ചിരുന്നു.

പക്ഷെ കത്ത് പുറത്ത് വന്നതോടെ ആര്യാടന്റെ പ്രസ്താവന കളവാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.