കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മറ്റൊരു അന്തര്‍ദേശീയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റി. പഠനം നടത്തണമെന്ന് കേരളസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും എ.എ.ഐ ചെയര്‍മാന്‍ വി.പി അഗര്‍വാള്‍ പറഞ്ഞു.

ഇപ്പോഴത്തെ എയര്‍പോര്‍ട്ടിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോ, സാധ്യമെങ്കില്‍ മറ്റൊരു എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതിനോ തയ്യാറാണ്. പുതിയ എയര്‍പോര്‍ട്ട് വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എയര്‍പോര്‍ട്ടിന്റെ സാധ്യതാ പഠനത്തിന് സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘കരിപ്പൂരിലുള്ള കോഴിക്കോട് അന്തര്‍ദേശീയ എയര്‍പോര്‍ട്ട് ഗുരുതരാവസ്ഥയിലാണ്. എയര്‍പോര്‍ട്ട് സുരക്ഷിതമല്ല എന്നല്ല ഉദ്ദേശിച്ചത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതാണ്. ഇപ്പോള്‍ 2.2 മില്യണ്‍ പാസഞ്ചര്‍ കപ്പാസിറ്റിയാണ് കോഴിക്കോട് എയര്‍പോര്‍ട്ടിനുള്ളത്. ഇത് 20മില്യണ്‍ വരെയാക്കേണ്ടതുണ്ട്.’

കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്- പ്രശ്‌നങ്ങളും, പരിഹാരങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ 24% അധികയാത്രക്കാരാണ് ഇത്തവണയുണ്ടായതെന്നു സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇ.കെ ഭരത് ഭൂഷണ്‍ അറിയിച്ചു.