എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി വാക്കുമാറ്റി: ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപത്തെ കേരളം അനുകൂലിക്കുന്നെന്ന് ആനന്ദ് ശര്‍മ്മ
എഡിറ്റര്‍
Thursday 28th June 2012 12:56pm

ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിന് കേരളം അനുകൂലമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ. ഇക്കാര്യത്തില്‍ കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങള്‍ രേഖാമൂലം അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്ന് ആനന്ദ് ശര്‍മ വ്യക്തമാക്കി.

കേളത്തിന് പുറമെ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളും വിദേശനിക്ഷേപത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. ബ്രസല്‍സില്‍ ഇന്തോ യൂറോപ്യന്‍ യൂണിയന്‍ പതിനഞ്ചാം ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ആനന്ദ് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നത് രാജ്യത്ത് വിദേശ നിക്ഷേപം വര്‍ധിക്കാന്‍ മാത്രമല്ല അവശ്യസാധനങ്ങളുടെ വിലകുറയാനും കാരണമാകുമെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്ന സംസ്ഥാനങ്ങള്‍ പറയുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. കേരളത്തിനു പുറമേ രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, അസം, ദില്ലി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് വിദേശ നിക്ഷേപത്തിന് അനുകൂല നിലപാടെടുത്തിരിക്കുന്നത്. വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്ന ഉത്തര്‍പ്രദേശ്, ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാരിനോട് പിന്തുണ ആവശ്യപ്പെട്ട് താന്‍ കത്തയച്ചിട്ടുണ്ടെന്നും ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ ഈ തീരുമാനം അംഗീകരിച്ചിരുന്നു. ബി.ജെ.പി വിദേശ നിക്ഷേപത്തെ ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് നിതീഷ് കുമാര്‍ ഇതിനെ അനുകൂലിച്ചെത്തിയിരിക്കുന്നത്.

ചില്ലറമേഖലയില്‍ 51% വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിവാദമായിരുന്നു. പ്രതിപക്ഷത്തിന് പുറമേ യു.പി.എ സര്‍ക്കാരിലെ തന്നെ പല കക്ഷികളും ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. തീരുമാനം നടപ്പിലാക്കിയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് യു.പി.എ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിക്കുകയും സംസ്ഥാനങ്ങളുമായി സമവായത്തിലെത്തിയശേഷം മുന്നോട്ട് പോകാമെന്ന് കോണ്‍ഗ്രസ് നിശ്ചയിക്കുകയുമായിരുന്നു.

ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനം കേരളത്തിലും ശക്തമായ എതിര്‍പ്പിന് വകവെച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നാലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റെും ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിച്ചത്. എന്നാലിപ്പോള്‍ സര്‍ക്കാര്‍ തന്നെ ഈ തീരുമാനത്തെ അനുകൂലിച്ച് കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്.

Advertisement