ന്യൂദല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ സംസ്ഥാന പൊലീസിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംഭവം നടന്നത് ഇന്ത്യന്‍ ബോട്ടിലായതിനാല്‍ കേസെടുക്കാമെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ കപ്പലുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കേരളത്തിന്റെ സത്യവാങ്മൂലം.

വെടിവച്ചത് ഇറ്റാലിയന്‍ കപ്പലില്‍ നിന്നാണെങ്കിലും ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 4 പ്രകാരം കേസെടുക്കാന്‍ കേരള പൊലീസിന് അധികാരമുണ്ടെന്ന് കേരളം സത്യവാങ്മൂലത്തില്‍ പറയുന്നു. അഡ്വ. എം.ടി ജോര്‍ജ്ജാണ് കേരളത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്.

അതേസമയം വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ആണെന്ന പരാമര്‍ശം പുതിയ സത്യവാങ്മൂലത്തില്‍ ഒഴിവാക്കി. 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് വെടിവയ്പ് നടന്നതെന്ന്  കേരളത്തിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ കോടതിയില്‍ അറിയിച്ചു. 12.5 നോട്ടിക്കല്‍ മൈലാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി.

മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ കേസെടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേഷ് പി. റാവല്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനെ കേരളത്തിന്റെ അഭിഭാഷകനും എതിര്‍ത്തിരുന്നില്ല. തുടര്‍ന്ന് കേരളത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് റാവലിനെ കേസില്‍ നിന്നും മാറ്റിയിരുന്നു.

Malayalam News

Kerala News in English