തിരുവനന്തപുരം: ഗര്‍ഭമുള്ള പശു, എരുമ, ആട് എന്നിവയെ കൊല്ലുന്നതു നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അഞ്ചാം മന്ത്രിസ്ഥാന വിവാദത്തിന് ഇനി പ്രസക്തിയില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  അതിശയോക്തിപരമായ വാര്‍ത്തകളാണ് അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് വരുന്നതെന്നും വകുപ്പ് മാറ്റവും അഞ്ചാം മന്ത്രി സ്ഥാനവും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

മുസ്‌ലീം ലീഗിന് ഇതിന് മുമ്പും അഞ്ച് പദവികളുണ്ടായിട്ടുണ്ട്. മന്ത്രിസഭാരൂപീകരണത്തിന്റെ സമയത്ത് തന്നെ ലീഗ് ഉന്നയിച്ച ആവശ്യമായിരുന്ന അഞ്ചാം മന്ത്രി സ്ഥാനം. അഞ്ചാമത്തെ പദവി ഏതാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കമുണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇത് സംബന്ധിച്ച നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകളില്ലാതെയുള്ള മന്ത്രി സ്ഥാനം എന്ന തീരുമാനത്തിലെത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാവും. പാര്‍ട്ടിയുടെ പ്രതിഛായ ജനങ്ങള്‍ തീരുമാനിക്കുന്നതാണെന്നും രാഷ്ട്രീയത്തില്‍ ജനങ്ങളാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. പിറവം തിരഞ്ഞെടുപ്പിന് മുമ്പ് മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചതെല്ലാം വെറുതെയായെന്നും യു.ഡി.എഫിന്റെ ഐക്യമാണ് പിറവത്ത് പ്രതിഫലിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വില്ലേജുകളില്ലാത്ത എല്ലാ പഞ്ചായത്തുകളിലും വില്ലേജ് രൂപീകരിക്കും. ആദ്യം സീതത്തോട്  പഞ്ചായത്തില്‍ വില്ലേജ് രൂപീകരിക്കും. ഒന്നിലേറെ വില്ലേജുകള്‍ ഒരിടത്ത് പ്രവര്‍ത്തിക്കുന്നത് പരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.