തിരുവനന്തപുരം: അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ നിന്ന് മര്‍ദ്ദനമേറ്റതിന് പിന്നാലെ മാനസികാരോഗ്യ കേന്ദ്രത്തിലാവുകയും പിന്നീട് കൊല്ലപെടുകയും ചെയ്ത സത്‌നാം സിങ്ങിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

വിചാരണക്കോടതിയുടെ വിധിക്ക് അനുസൃതമായാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. സ്താനാം സിങ്ങിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സത്‌നാം സിങ്ങിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കഴിഞ്ഞ വര്‍ഷം കണ്ടിരുന്നു.

സത്‌നാംസിങിന്റെ ദുരൂഹമരണത്തെക്കുറിച്ചുളള വിവരങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാന്‍ പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചിരുന്നു.

2012 ആഗസ്റ്റ് ഒന്നാം തിയതിയായിരുന്നു ബീഹാര്‍ സ്വദേശിയായ നിയമവിദ്യാര്‍ഥിയായ സത്‌നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്. തുടര്‍ന്ന് അമൃതാനന്ദമയി കടന്നു വരുമ്പോള്‍ അവരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അമൃതാനന്ദമയിയുടെ സുരക്ഷാജീവനക്കാര്‍ സത്‌നാമിനെ മര്‍ദ്ദിച്ചിരുന്നു.


Also Read  ചുവന്ന സാരിയുടുത്ത ഫോട്ടോ; ഫാത്തിമ സന ഷെയ്ഖിനോട് മുസ്‌ലീം പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മതമൗലിക വാദികള്‍


ഇതിന് ശേഷം ഇയാളെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സത്‌നാംസിങ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. 77 ഓളം മുറിവകളായിരുന്നു സത്‌നാമിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് പേര്‍ക്കെതിരെയായിരുന്നു വിചാരണ. എന്നാല്‍ സത്‌നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

എന്നാല്‍ ആ അന്വേഷണവും എവിടേയും എത്തിയിരുന്നില്ല. തുടര്‍ന്ന് അമൃതാനന്ദമയി മഠത്തെയും, കരുനാഗപ്പളളി പോലീസിനെയും അന്വേഷണപരിധിയില്‍ നിന്ന് ഒഴിവാക്കുകയും കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങളും ഉണ്ടായിരുന്നു.