ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഉന്നതാധികാര സമിതിക്ക് കേരളത്തിനെതിരെ തമിഴ്‌നാട് പരാതി നല്‍കി. അറ്റകുറ്റപണികള്‍ക്ക് കേരളം അനുവദിക്കുന്നില്ലെന്നാണ് തമിഴ്‌നാടിന്റെ പരാതി. ഉന്നതാധികാര സമിതിയുടെ അന്തിമയോഗം ഇന്നും നാളെയുമായി ദല്‍ഹിയില്‍ ചേരും. സുപ്രിംകോടതിക്കു സമര്‍പ്പിക്കാനുള്ള അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കാനാണ് യോഗം

അഞ്ചംഗ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായി ജസ്റ്റിസ് കെ.ടി. തോമസും തമിഴ്‌നാടിന്റെ പ്രതിനിധിയായി ജസ്റ്റിസ് എ.ആര്‍.ലക്ഷ്മണനുമാണുള്ളത്. ജസ്റ്റിസ് എ.എസ് ആനന്ദിന്റെ അധ്യക്ഷതയിലാണ് യോഗം.

സംസ്ഥാനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത റിപ്പോര്‍ട്ടാണെങ്കില്‍ ഇവര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തും. നാളെ അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കാനായില്ലെങ്കില്‍ യോഗം ഒരുദിവസം കൂടി നീണ്ടേക്കും. സമിതി സെക്രട്ടറി 30ന് മുമ്പ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

മാര്‍ച്ച് 19ന് ചേര്‍ന്ന യോഗത്തില്‍ റിപ്പോര്‍ട്ടിലെ ആറ് അധ്യായങ്ങള്‍ക്ക് കരട് രൂപമായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നം, അതുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ കേസ്സുകള്‍, സമിതിയെ നിയോഗിച്ച സാഹചര്യങ്ങള്‍, ഇരു സംസ്ഥാനങ്ങളുടെയും നിലപാടുകളുടെ ചുരുക്കം എന്നിവയാണിതില്‍. ഡാമിന്റെ സുരക്ഷ, ബലപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് പഠനം നടത്താന്‍ ഉന്നതാധികാര സമിതി നിയോഗിച്ച കമ്മിറ്റികളുടെ 11 റിപ്പോര്‍ട്ടുകള്‍ മാര്‍ച്ചിലെ യോഗത്തില്‍ സമിതി പരിശോധിച്ചിരുന്നു.