എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം: സര്‍ക്കാര്‍ നിയമനടപടിയ്ക്ക്
എഡിറ്റര്‍
Saturday 29th March 2014 10:12am

oommenchandy-4

കൊച്ചി: സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയ വിമര്‍ശനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അപ്പീലോ റിവിഷന്‍ പെറ്റീഷനോ നല്‍കും.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് ശേഷമാവും നിയമനടപടികള്‍ ഉണ്ടാവുക. ഇതിനിടെ ഉമ്മന്‍ ചാണ്ടി തനിയ്‌ക്കെതിരെയുണ്ടായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്ക് ഹൈക്കമാന്‍ഡിന് വിശദീകരണം നല്‍കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഹൈക്കമാന്‍ഡ് പറയുന്ന എന്ത് നിര്‍ദേശവും അനുസരിയ്ക്കാമെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസനിക്, അഹമ്മദ് പട്ടേല്‍ എന്നിവരെ ഫോണില്‍ വിളിച്ചാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം അറിയിച്ചത്. ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്ന പ്രസ്താവനകളുമായി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും കടുത്ത വിമര്‍ശനവുമായായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ കോടതിവിധി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് ജസ്റ്റിസ് ഹാറൂണ്‍ റഷീദിന്റെ സിംഗില്‍ ബെഞ്ച് അച്ചടിച്ചിറക്കിയ വിധിന്യായത്തില്‍ പറയുന്നത്. പേഴ്‌സണ്‍ സ്റ്റാഫിനെ നിയമിയ്ക്കുന്നതില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ലെന്നും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ തന്നെ ഭൂമി തട്ടിപ്പ് കേസിലും പ്രതികളായിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക വിശദീകരണം നല്‍കണമെന്നും കോടതി വിമര്‍ശിച്ചിരുന്നു.

കേസ് സി.ബി.ഐ അന്വേഷിയ്ക്കണമെന്ന് ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. കടംകംപള്ളി, കളമശ്ശേരി എന്നിവടങ്ങളിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ സി.ബി.ഐ അന്വേഷണിന് ജസ്റ്റിസ് ഹാറൂണ്‍ റഷീദ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

Advertisement