തിരുവനന്തപ്പുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഇന്ന് ഉന്നതാധികാര സമിതിക്ക് വീണ്ടും അപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയുമായി ജലവിഭവമന്ത്രി പി.ജെ ജോസഫ് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.

നിലവില്‍ നല്‍കിയ അപേക്ഷ ഉന്നതാധികാര സമിതയുടെ പരിഗണനയിലിരിക്കെ പുതിയ അപേക്ഷ നല്‍കുന്നതിനോട് സര്‍വകക്ഷി സംഘത്തിനുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പി.ജെ ജോസഫ് ഹരീഷ് സാല്‍വയുടെ നിയമോപദേശം തേടിയത്. പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം തേടുന്നതിനൊപ്പം നിയമപരമായും മുന്നോട്ടുപോകാമെന്നായിരുന്നു സാല്‍വേയുടെ നിര്‍ദേശം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇതിന് മുമ്പ് സമാനമായ അപേക്ഷ നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ വീണ്ടും ഉന്നതാധികാര സമിതിക്ക് അപേക്ഷ നല്‍കാമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. അതിനാല്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് ഇത് സംബന്ധിച്ച ആശയക്കുഴപ്പമുണ്ടാക്കിയത്.

പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ സമിതി വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ഉന്നതാധികാര സമിതി നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ അപേക്ഷ ഉചിതമല്ലെന്നും അഭിപ്രായമുണ്ടായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിലുണ്ടായ ഭൂകമ്പത്തിന്റേയും പേമാരിയുടേയും പശ്ചാത്തലത്തില്‍ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം അപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നത്.

Malayalam news
Kerala news in English