എഡിറ്റര്‍
എഡിറ്റര്‍
തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് അംഗീകരിക്കാനാവില്ല: ഷിബു ബേബി ജോണ്‍
എഡിറ്റര്‍
Sunday 4th November 2012 1:15pm

തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. തൊഴില്‍ സമരങ്ങള്‍ നിരോധിക്കുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്, നിരവധി സമരങ്ങളിലൂടെയും ചെറുത്തുനില്‍പ്പുകളിലൂടെയും അവകാശങ്ങള്‍ നേടിയെടുത്ത പാരമ്പര്യമാണ് നമുക്കുള്ളതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Ads By Google

എല്ലാവിധ അനുമതികളും ലഭിച്ചശേഷം ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങളെ എതിര്‍ക്കുന്ന സമരങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിയമത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സമരങ്ങള്‍ക്കും പ്രാദേശിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തൊഴില്‍ സമരങ്ങള്‍ക്കും പുതിയ നിയമത്തില്‍ നിരോധനം ഏര്‍പ്പെടുത്തും. ഇത്തരം സമരങ്ങളെ ക്രിമിനല്‍ കുറ്റമായിക്കാണുമെന്നും നിയമത്തില്‍ പറയുന്നു. ഇതാണ് വിവാദമായത്.

മന്ത്രി കെ.എം മാണിയാണ് പുതിയ സമിതിയുടെ അധ്യക്ഷന്‍. സമിതി ആറ് പുതിയ നിയമങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. അതിലൊന്നാണ് ഈ നിയമം. ഭൂവിനിയോഗ നിയമമാണ് മറ്റൊന്ന്. സര്‍ക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും എല്ലാവിധ അനുമതിയും ലഭിച്ചശേഷം തുടങ്ങുന്ന ഒരു വ്യവസായ സംരംഭത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് നിയമം മൂലം നിരോധിക്കുന്നതാണ് നിയമം.

പുതിയ നിയമം അനുസരിച്ച് വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി ഏകജാലക സംവിധാനത്തിലൂടെയായിരിക്കും നല്‍കുക. ഇതിനായി ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ് രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറായുമാണ് ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ് രൂപവത്കരിക്കുന്നത്.

ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക് എല്ലാവിധ അംഗീകാരവും ഉണ്ടാകും. ഇങ്ങനെ തുടങ്ങുന്ന പദ്ധതികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തില്‍ സമരം നടത്തുന്നത് നിരോധിക്കുന്നതാണ് പുതിയ നിയമം. കേരള ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (പ്രൊഹിബിഷന്‍ ഓഫ് ഒബ്‌സ്ട്രക്ടീവ് പ്രാക്ടീസസ്) എന്ന പേരിലാണ് നിയമം.  ധനകാര്യം, റവന്യൂ, പരിസ്ഥിതി, നിയമം എന്നീ വകുപ്പ് സെക്രട്ടറിമാരും കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറും ഈ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.

ഈ സമിതി ഓരോ പദ്ധതി നിര്‍ദേശവും പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭ്യമാക്കി പദ്ധതിക്ക് അംഗീകാരം നല്‍കും. ഈ ബോര്‍ഡ് മാസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും കൂടും. മൂന്ന് മാസത്തിനുള്ളില്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ബോര്‍ഡിന്റെ തീരുമാനങ്ങളിന്മേലുള്ള അപ്പീല്‍ മന്ത്രിസഭാതലത്തില്‍ പരിശോധിച്ചാണ് തീരുമാനമെടുക്കുക.

Advertisement