എഡിറ്റര്‍
എഡിറ്റര്‍
വ്യവസായ സംരംഭങ്ങളെ എതിര്‍ക്കുന്നത് തടയാന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു
എഡിറ്റര്‍
Sunday 4th November 2012 7:50am

തിരുവനന്തപുരം: എല്ലാവിധഅനുമതികളും ലഭിച്ചശേഷം ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങളെ എതിര്‍ക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമത്തിന് രൂപം നല്‍കുന്നു. എമേര്‍ജിങ് കേരളയുടെ തുടര്‍ച്ചയായി പുതിയ നിയമങ്ങള്‍ നിര്‍ദേശിക്കാന്‍ രൂപവത്കരിച്ച സമിതിയാണ് ഈ നിയമത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

മന്ത്രി കെ.എം മാണിയാണ് പുതിയ സമിതിയുടെ അധ്യക്ഷന്‍. സമിതി ആറ് പുതിയ നിയമങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. അതിലൊന്നാണ് ഈ നിയമം. ഭൂവിനിയോഗ നിയമമാണ് മറ്റൊന്ന്. സര്‍ക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും എല്ലാവിധ അനുമതിയും ലഭിച്ചശേഷം തുടങ്ങുന്ന ഒരു വ്യവസായ സംരംഭത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് നിയമം മൂലം നിരോധിക്കുന്നതാണ് നിയമം.

Ads By Google

പുതിയ നിയമം അനുസരിച്ച് വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി ഏകജാലക സംവിധാനത്തിലൂടെയായിരിക്കും നല്‍കുക. ഇതിനായി ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ് രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറായുമാണ് ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ് രൂപവത്കരിക്കുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക് എല്ലാവിധ അംഗീകാരവും ഉണ്ടാകും.

ഇങ്ങനെ തുടങ്ങുന്ന പദ്ധതികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തില്‍ സമരം നടത്തുന്നത് നിരോധിക്കുന്നതാണ് പുതിയ നിയമം. കേരള ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (പ്രൊഹിബിഷന്‍ ഓഫ് ഒബ്‌സ്ട്രക്ടീവ് പ്രാക്ടീസസ്) എന്ന പേരിലാണ് നിയമം. ധനകാര്യം, റവന്യൂ, പരിസ്ഥിതി, നിയമം എന്നീ വകുപ്പ് സെക്രട്ടറിമാരും കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറും ഈ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.

ഈ സമിതി ഓരോ പദ്ധതി നിര്‍ദേശവും പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭ്യമാക്കി പദ്ധതിക്ക് അംഗീകാരം നല്‍കും. ഈ ബോര്‍ഡ് മാസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും കൂടും. മൂന്ന് മാസത്തിനുള്ളില്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ബോര്‍ഡിന്റെ തീരുമാനങ്ങളിന്മേലുള്ള അപ്പീല്‍ മന്ത്രിസഭാതലത്തില്‍ പരിശോധിച്ചാണ് തീരുമാനമെടുക്കുക.

പദ്ധതി തുടങ്ങുമ്പോള്‍ പ്രാദേശികമായി തൊഴില്‍ സംവരണം ഉന്നയിച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പാടില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം എന്ത് കാരണമുയര്‍ത്തിയും സംരംഭത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തില്‍ സമരം നടത്തുന്നതിന് നിരോധനവുമുണ്ട്. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇതില്‍ പറയുന്നില്ല.

ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാല്‍ ശിക്ഷ വ്യക്തമാക്കുന്ന നിയമം നിലവിലുണ്ട്. ഐ.പി.സി പ്രകാരം അതത് കുറ്റത്തിന്റെ തോതനുസരിച്ച് കേസെടുക്കാം. ഇത്തരമൊരു നിയമത്തിലൂടെ വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Advertisement