ന്യൂദല്‍ഹി: ക്വാറികളുടെ പ്രവര്‍ത്തനത്തിന് കേന്ദ്രാനുമതി വേണമെന്ന കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തോട് കേരളം എതിര്‍പ്പ് അറിയിച്ചു. മാര്‍ഗനിര്‍ദേശത്തിലെ ചില വ്യവസ്ഥകള്‍ അപ്രായോഗികമാണെന്നും കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

ക്വാറികളുടെ പ്രവര്‍ത്തനത്തിനും നദികളില്‍ നിന്നുള്ള മണല്‍ വാരലിനും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ എട്ടിന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് സംസ്ഥാനങ്ങള്‍ പാലിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. 

Ads By Google

5 ഹെക്ടറില്‍ കൂടുതല്‍ വരുന്ന ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിര്‍ദേശം പ്രായോഗികമല്ല. എങ്കിലും സുപ്രീം കോടതി വിധിയുള്ളതിനാല്‍ ഈ നിര്‍ദേശം അതത് അധികൃതര്‍ പാലിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

നദികളില്‍ നിന്ന് മണല്‍ വാരുന്നതിനുള്ള കേന്ദ്ര വ്യവസ്ഥകളില്‍ ചിലതും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 60 സെന്റീമീറ്റര്‍ ആഴത്തിലാണ് മണല്‍ ഖനനം നടത്തുന്നത്. ഇത് തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്തിന് അംഗീകരിക്കാനാവാത്തതാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പല നിര്‍ദേശങ്ങളും.  ഇക്കാര്യങ്ങളില്‍ സംസ്ഥാന നിയമം ബാധകമാക്കാന്‍ അനുവദിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശുപാര്‍ശകളിലെ പോരായ്മകള്‍ കണ്ടെത്താനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് നിയമത്തില്‍ മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.