എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള: പദ്ധതിയുമായി മുന്നോട്ട്;സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കുമെന്ന് മന്ത്രി കെ.ബാബു
എഡിറ്റര്‍
Thursday 21st November 2013 6:18am

babu

തിരുവനന്തപുരം: ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വിമാനത്താവളത്തിനായി സര്‍ക്കാറിന്റെ കൈവശമുള്ള ഭൂമി വിട്ട് നല്‍കുമെന്ന്് മന്ത്രി കെ.ബാബു പറഞ്ഞു. പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി സര്‍ക്കാറിനാണെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവളത്തിന് അന്തിമാനുമതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതിയില്‍ വിളിച്ച് ചേര്‍ത്ത ഉന്നത തല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിന് നല്‍കുന്ന ഭൂമിക്ക് തുല്യമായ ഭുമി സര്‍ക്കാറിന് വാങ്ങി നല്‍കണെന്ന്് കമ്പനിയോട് ആവശ്യപ്പെടും. വിമാനത്താവളത്തിന്റെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളത്തിനായി ഭൂമി നികത്തിയത് തണ്ണീര്‍ത്തട നിയമം വരും മുന്‍പാണെന്നും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തുടങ്ങി വച്ച് വികസന പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാറിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനത്താവളത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കാനും കമ്പനി ഡയറക്ടര്‍ ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധിയെ ഉടന്‍ നിശ്ചയിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര വനം പലരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിനായി അന്തിമാനുവധി നല്‍കിയത്. തീരുമാനത്തിനെതിരെ ഭരണ പ്രതിപക്ഷ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

കൂടാതെ പദ്ധതി പ്രദേശത്ത് ഇന്നലെ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ്  പദ്ധതിയുടെ തല്‍സ്ഥിതിയും തുര്‍നടപടികളെ കുറിച്ചും ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തത്.

മുഖ്യമന്ത്രിയെ കൂടാതെ ന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പികെ കുഞ്ഞാലിക്കുട്ടി, കെ ബാബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement