തിരുവനന്തപുരം:സര്‍ക്കാരിന്റെ മദ്യനയത്തിലെ ഭേദഗതികള്‍ തീരുമാനിക്കാന്‍ യുഡിഎഫ് ഏഴംഗ ഉപസമിതിയെ നിയോഗിച്ചു. യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ഉപസമിതിയില്‍ യുഡിഎഫിലെ എല്ലാ ഘടകക്ഷികളിലെയും പ്രതിനിധികള്‍ അംഗങ്ങളാണ്. എം.എം ഹസ്സന്‍, സി.എഫ് തോമസ്, കെ.പി.എ മജീദ്, വര്‍ഗീസ് ജോര്‍ജ്, പോള്‍, രാജന്‍ ബാബു, കണ്ണന്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ഉപസമിതി റിപ്പോര്‍ട്ട് പരിഗണിച്ചാവും മദ്യനയത്തെ സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക.

അതേസമയം ഈ വര്‍ഷം നിലവിലെ മദ്യനയമാവും നടപ്പില്‍ വരുത്തുക. അടുത്ത വര്‍ഷം മുതല്‍ ഉപസമിതി നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങളോടെയുള്ള മദ്യനയം നടപ്പില്‍ വരുത്തും.