തിരുവനന്തപ്പുരം: പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങാനുള്ള പണം നല്‍കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സൈക്കിള്‍ കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് കോടതി സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തിരിക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കാനായിരുന്നു ആദ്യം സര്‍ക്കാര്‍ തീരുമാനം. ഇതിനായി കോടികളുടെ ടെന്‍ഡര്‍ വിളിച്ചിരുന്നു. മൂന്ന് കമ്പനികള്‍ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നു. 2539 രൂപക്ക് സൈക്കിള്‍ നല്‍കാന്‍ ഒരു കമ്പനി മുന്നോട്ട് വന്നിരുന്നു. പക്ഷേ സര്‍ക്കാര്‍ സൈക്കിള്‍ വാങ്ങാനായി ഒരോ കുട്ടിക്കും 3000 വീതം രൂപ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാറിന് ഓരോ സൈക്കിളിലും 400 രൂപയോളം നഷ്ടം വരുത്തുന്ന നടപടിയാണിതെന്ന് കാണിച്ച് സൈക്കിള്‍ കമ്പനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്‍മേലാണ് ഇപ്പോള്‍ വിധി ഉണ്ടായിരിക്കുന്നത്.

3000 രൂപ നല്‍കാനുള്ള തീരുമാനം കോടിക്കണക്കിന്് രൂപയുടെ നഷ്ടം സര്‍ക്കാറിന് ഉണ്ടാക്കുമെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.