തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം സംസ്ഥാനസര്‍ക്കാര്‍ നിരോധിച്ചു. ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനത്തിനായി എച്ച്.ഐ.എല്ലിന് നല്‍കിയിരുന്ന ലൈസന്‍സും സര്‍ക്കാര്‍ റദ്ദു ചെയ്തിട്ടുണ്ട് . സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷന്‍ നേരത്തെതന്നെ എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിച്ചിരുന്നു.

ലോകത്തൊട്ടാകെ എന്‍ഡോസള്‍ഫാനെതിരെ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ആഗോള നിരോധനം ഉണ്ടായത്. എന്നാല്‍ ഇന്ത്യയിലെ യു.പി.എ സര്‍ക്കാര്‍ നിരോധനത്തെ എതിര്‍ത്തുകൊണ്ടായിരുന്നു കണ്‍വന്‍ഷനില്‍ സംസാരിച്ചത്. ഇന്ത്യ നിരോധനത്തില്‍ ഇളവും നേടിയിരുന്നു.

കാസര്‍ക്കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ഉദാഹരണമാക്കിയായിരുന്നു ലോകത്തെ മറ്റു രാഷ്ട്രങ്ങള്‍ അവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം ഇന്ത്യ എന്‍ഡോസള്‍ഫാനെ അനുകൂലിച്ചത് ലോകരാഷ്ട്രങ്ങളില്‍നിന്നും അതുപോലെ രാജ്യത്തെ മനുഷ്യസ്‌നേഹികളില്‍ നിന്നും കടുത്ത എതിര്‍പ്പിന് കാരണമായി.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഒരുലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനം നിരോധിച്ചുകൊണ്ടുള്ള തീരുമാനം ഇപ്പോള്‍ വന്നിരിക്കുന്നത്.

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസുമായി ബന്ധപ്പെട്ടും അദ്ദേഹം അഭിപ്രായം പറഞ്ഞു. ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യപ്രാക്ടീസ് അനുവദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ശമ്പള പരിഷ്‌കരണം സംബന്ധിച്ചുള്ള ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.