കൊച്ചി: പൊതു നിരത്തുകളില്‍ യോഗം ചേരുന്നത് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യൂഹരജില്‍ വാദം കേള്‍ക്കുന്നതില്‍ നിലവിലെ ജഡ്ജിയില്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍. വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജഡ്ജ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കോടതിക്ക് പുറത്ത് വിധിയെ അനുകൂലിച്ച് സംസാരിച്ചുവെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കിയിരിക്കുന്നതും വിധി പുറപ്പെടുവിച്ച രാമചന്ദ്രന്‍ നായരുടെ ബെഞ്ചില്‍ തന്നെയായിരുന്നു.

പൊതു യോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സി പി ഐ എം നേതാക്കളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പ്രതികരണമാണണ്ടായത്. വിധി പ്രസ്താവിച്ച ജഡ്ജിയെ സി പി ഐ എം നേതാവ് എം വി ജയരാജന്‍ ശുംഭന്‍ എന്ന് വിളിച്ചതിനെച്ചൊല്ലി കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കയാണ്.

ഇതിനിടെയാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കോടതിക്ക് പുറത്ത് നടന്ന ഒരു പരിപാടിയില്‍ തന്റെ വിധിയെ അനുകൂലിച്ച് പ്രസംഗം നടത്തിയത്. ജഡ്ജുമാര്‍ ഇത്തരത്തില്‍ കോടതിക്ക് പുറത്ത് അഭിപ്രായം പറയുന്നത് നിയമവിരുദ്ധമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.