കമന്റ്‌സ് / എം. ഷാജര്‍ഖാന്‍

ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ നിലപാടെന്താവണം? പ്രധാനപ്പെട്ട ചോദ്യമാണത്. നിലപാട് എന്താകരുതെന്നും ചര്‍ച്ച വേണം. ഒരു നിലപാട് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് ശരിയല്ല. അതുകൊണ്ട് അതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ചിന്തിക്കാം.

തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയയുദ്ധമാണ്. അതുകൊണ്ട് രാഷ്ട്രീയ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍, സുചിന്തിതമായ തീരുമാനങ്ങള്‍ക്കു ശേഷം മാത്രമേ പോളിംഗ് ബൂത്തില്‍ പോകാവൂ. വോട്ട് ജനാധിപത്യാവകാശമാണ്. അത് വിനിയോഗിക്കുക തന്നെ വേണം. തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ല. പക്ഷേ വോട്ട് ആര്‍ക്ക്?.

സത്യസന്ധരായ, സാമൂഹികമായി പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന വ്യക്തിത്വങ്ങള്‍ക്കേ വോട്ട് ചെയ്യാവൂ എന്ന നിലപാടാണ് തത്ത്വാധിഷ്ഠിതം. അതോടൊപ്പം, അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പുരോഗമനപരമാണോ, ജനാനുകൂലമാണോ എന്നൊക്കെ ചിന്തിക്കുകയും വേണം. ‘വിജയസാധ്യത’യുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക എന്ന സാധാരണ നിലപാട് പോര.

വിജയസാധ്യത ഇല്ലെങ്കിലും രാഷ്ട്രീയ ധാര്‍മ്മികതയുള്ള ഒരാള്‍ക്കു വോട്ട് ചെയ്യാന്‍ വോട്ടര്‍ക്ക് കഴിയണം. അപ്പോള്‍ മാത്രമേ അതൊരു പ്രബുദ്ധമായ തീരുമാനമാകുന്നുള്ളൂ. പക്ഷേ, നമ്മുടെ നാട്ടിലെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്‍നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം ആളുകള്‍ക്കും രാഷ്ട്രീയ ധാര്‍മ്മികതയില്ലായെന്ന പ്രശ്‌നമുണ്ട്.

പെണ്‍വാണിഭക്കേസ്സില്‍ പ്രതികളായ ആളുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. അഴിമതികളില്‍ പെട്ടവര്‍, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ തുടങ്ങിയവര്‍ മാത്രമല്ല രാഷ്ട്രീയ ധാര്‍മ്മികതയില്ലാത്തവര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. പൊതുവില്‍, അഴിമതി നിറഞ്ഞ ഒരു ഭരണ സംവിധാനത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന ‘മാന്യന്മാരും’ ഉള്‍പ്പെടുന്നു.

ഉദാഹരണത്തിന് നമ്മുടെ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍സിംഗ് വ്യക്തിപരമായി കളങ്കിതനല്ല എന്ന ഒറ്റക്കാരണത്താല്‍ രാഷ്ട്രീയമായി സംശുദ്ധനാണെന്ന് വാഴ്ത്താമോ? 2ജി സ്‌പെക്ട്രം അഴിമതിക്കേസ്സില്‍ ടെലികോം മന്ത്രി എ. രാജയെ സംരക്ഷിക്കാന്‍ ശ്രമിച്ചയാളാണദ്ദേഹം. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍പ്പോലും കോടികള്‍ വെട്ടി വിഴുങ്ങിയ മന്ത്രി സുരേഷ് കല്‍മാഡിയയ്‌ക്കെതിരെപ്പോലും നിശബ്ദത പാലിച്ച മാന്യനാണ് അദ്ദേഹം. എന്തിനേറെ, രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ച് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്താന്‍ മാര്‍ഗ്ഗമില്ലായെന്ന് അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. അപ്പോള്‍, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പരമോന്നത നേതാക്കളില്‍ ഒരാളെ ചൂണ്ടിക്കാണിച്ചത് രാഷ്ട്രീയ ധാര്‍മ്മികതയുടെ തകര്‍ച്ച എത്രത്തോളം സംഭവിച്ചിരിക്കുന്നു എന്ന് പറയാനാണ്.


രണ്ടാമത്, ബി.ജെ.പി. രാജ്യത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ആ പാര്‍ട്ടിയുടെ കുറ്റകൃത്യങ്ങളുടെ പട്ടിക വര്‍ഗ്ഗീയ കലാപങ്ങളില്‍ ഒതുങ്ങുന്നില്ലായെന്ന കാര്യം നമുക്കറിയാം. കര്‍ണ്ണാടകയില്‍ അധികാരത്തിലേറി ഏതാനം മാസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി യെദ്യുരപ്പ സ്വന്തം മകന്റെ പേരില്‍ അവിഹിത ഭൂമി ഇടപാട് നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തു വരികയുണ്ടായി. എന്നിട്ടും അദ്ദേഹം രാജി വച്ചില്ല. പുറത്താക്കാന്‍ ബി.ജെ.പിയും തയ്യാറായില്ല. അപ്പോള്‍, ധാര്‍മ്മികത എവിടെ?

രാജ്യത്തെ സ്വകാര്യ പെട്രോളിയം കമ്പനികള്‍ക്കു പിടിമുറുക്കാന്‍ അവസരം തുറന്നു കൊടുത്തതില്‍ കോണ്‍ഗ്രസും ബി.ജെ.പി സര്‍ക്കാരും ഒരേപോലെ കുറ്റക്കാരാണ്. റിലയന്‍സ് മുതലാളിമാര്‍ വളര്‍ന്നത് ബി.ജെ.പിയുടെ കാലത്താണെങ്കില്‍, റിലയന്‍സ് പെട്രോളിയം ലിമിറ്റഡ് കമ്പനി മൂന്ന് മാസം കൊണ്ട് അവരുടെ അറ്റാദായം 5136 കോടി ആയി ഉയര്‍ത്തിച്ചത് യു.പി.എ സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേലുള്ള വില നിയന്ത്രണാധികാരം സ്വകാര്യ കുത്തക കമ്പനികള്‍ക്കു തീറെഴുതിയതിന് ശേഷമാണ്.

വിലക്കയറ്റം രൂക്ഷമായതും അതിന് ശേഷമാണ്. ചെറുകിട വ്യാപാര മേഖലയിലേക്ക് വന്‍കിട കുത്തകകള്‍ക്കു കടന്നുവരാന്‍ അവസരം തുറന്നു കൊടുത്ത കേന്ദ്രസര്‍ക്കാരും വിലക്കയറ്റത്തില്‍ പ്രതികളാണ്. തെരഞ്ഞെടുപ്പില്‍ അതാരും ചര്‍ച്ച ചെയ്യില്ല.

സംസ്ഥാനത്തെ സി.പി.എം നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാറിന് 2001 2006 കാലഘട്ടത്തിലെ യു.ഡി.എഫ് സര്‍ക്കാറില്‍ നിന്ന് വ്യത്യസ്തമായി എന്ത് നയമാണുള്ളത്? അതുകൂടി പരിശോധിച്ചിട്ട് വേണമല്ലോ വോട്ട് ചെയ്യേണ്ടത്. യഥാര്‍ത്ഥത്തില്‍, യു.ഡി.എഫ് സര്‍ക്കാറിന്റെ സ്വാഭാവിക പിന്‍തുടര്‍ച്ചയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. കഥാപാത്രങ്ങളുടെ വേഷം മാറുന്നുവെന്ന് മാത്രം. കഥയും തിരക്കഥയും സന്ദര്‍ഭങ്ങളും സമാനം.

സ്വകാര്യ മൂലധനത്തിന്റെ തേര്‍വാഴ്ചയ്ക്ക് നാടിനെ എറിഞ്ഞു കൊടുക്കുന്ന പണിയാണ് രണ്ട് കൂട്ടരും ചെയ്തു കൂട്ടിയത് എന്ന് നിസംശയം പറയാം.

കഴിഞ്ഞ 5 വര്‍ഷവും ഇടത് സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ പദ്ധതികളും ഒന്നുകില്‍ ബി.ഒ.ടിയോ അല്ലെങ്കില്‍ പി.പി.പി (Private Public partnership)യോ ആണ്. സ്വകാര്യമൂലധനശക്തികളെ പുതിയ നിക്ഷേപമേഖലകളിലേക്ക് ആനയിക്കുന്നതിനായി ഉദാരവല്‍ക്കരണനയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന വളരെ പ്രധാനപ്പെട്ട പ്രവര്‍ത്തനപദ്ധതികളാണ് ബി.ഓ.ടിയും പി.പി.പിയും. കേരളത്തിലെ ആദ്യത്തെ ബി.ഒ.ടി പദ്ധതിയായ മട്ടാഞ്ചേരി പാലം നടപ്പാക്കിയത് കഴിഞ്ഞ നായനാര്‍ സര്‍ക്കാരാണ്.
പാലം നിര്‍മ്മിക്കാന്‍ ചെലവായതിന്റെ 20 മടങ്ങ് തുക ടോളായി പിരിച്ചതിനുശേഷവും പാലം പണിത സ്വകാര്യ കമ്പനി ഇപ്പോഴും പിരിവ് തുടരുകയാണ്. ഇതാണ് ബി.ഒ.ടി എന്ന കൊടുംകൊള്ള.

ഈ സമ്പ്രദായപ്രകാരം കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റുകള്‍ മുഴുവന്‍ സ്വകാര്യമുതലാളിമാരുടെ കൈകളില്‍ എത്തിക്കഴിഞ്ഞു. ചവറയിലെ ടൈറ്റാനിയത്തിലെ സ്‌പോഞ്ച് പ്ലാന്റ് ഒരു ബി.ഒ.ടി പദ്ധതിയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയതോ നടപ്പാക്കാന്‍ തീരുമാനിച്ചതോ ആയ ബി.ഒ.ടി/ പി.പി.പി പദ്ധതികള്‍ നിരവധിയാണ്. 2008ല്‍ കൊച്ചിയില്‍ നടന്ന പ്രവാസി സമ്മേളനത്തില്‍, സ്വകാര്യമൂലധനമില്ലാതെ വികസനം വരുമെന്നു പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് പറഞ്ഞത് വി.എസ്. സര്‍ക്കാരിലെ ധനകാര്യമന്ത്രിയാണ്.

ഇടത് സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യമൂലധനത്തിന്റെ കടന്നുകയറ്റം വിദ്യാഭ്യാസആരോഗ്യകുടിവെള്ള മേഖലയില്‍ അതിശക്തമായി. ദേശസാല്‍കൃത ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ പഠനം വെളിവാക്കുന്നത് സ്വകാര്യമേഖലയുടെ വിദ്യാഭ്യാസ സേവനം 38 ശതമാനമായി കേരളത്തില്‍ വര്‍ദ്ധിച്ചുവെന്നാണ്. ഇത് ഇടത് സര്‍ക്കാരിന്റെ സംഭാവനയാണ്.

സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ എന്നതിനു പകരം പണം മുടക്കി പോളിസി എടുക്കുന്നവര്‍ക്ക് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ദയാദാക്ഷിണ്യത്തില്‍ ചികിത്സ എന്നായിരിക്കുന്നു. (റേഷന്‍കടകള്‍ക്ക് പകരം ‘കാഷ് സബ്‌സിഡി’ എന്ന പുതിയ വെളിപാടിനു സമമാണിത്.) സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂലധനനിക്ഷേപം നടത്താനും ലാഭം കൊയ്യാനുള്ള മേഖലയാക്കി ആരോഗ്യരംഗത്തെ മാറ്റുകയുമാണ് ഇടത് സര്‍ക്കാര്‍. നിലവിലുണ്ടായിരുന്ന പൊതുജനാരോഗ്യസംവിധാനത്തെ തകര്‍ത്ത് മനുഷ്യന്റെ ജീവനും ആരോഗ്യവും കൊണ്ട് കച്ചവടം നടത്തുന്ന കുത്തകമൂലധനശക്തികള്‍ക്ക് തീറെഴുതുകയാണ് അവര്‍.

കുടിവെള്ളവിതരണരംഗത്തെ ലോകബാങ്ക് പദ്ധതിയായ ജലനിധിയെ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അപ്പോള്‍, എവിടെയാണ് ആഗോളവല്‍ക്കരണത്തിന്റെ നയങ്ങളോട് സി.പി.ഐ(എം)നും കൂട്ടര്‍ക്കും വിയോജിപ്പുള്ളത്?

എല്ലാ മേഖലയിലും യു.ഡി.എഫിന്റെ ദുര്‍ഭരണത്തെ കടത്തിവെട്ടുന്ന നയങ്ങളും നടപടികളുമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ മുമ്പിലേക്ക് ജനങ്ങളെ എറിഞ്ഞുകൊടുത്തു. സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ള എല്ലാ മേഖലയിലും വിലയും ചാര്‍ജ്ജുകളും വര്‍ദ്ധിപ്പിച്ചു. സിവില്‍ സര്‍വ്വീസിന്റെ വലിപ്പം കുറയ്ക്കുക എന്ന എ.ഡി.ബി. നിര്‍ദ്ദേശം ചിട്ടയായി നടപ്പാക്കി. കൂട്ടത്തോടെ പിരിഞ്ഞുപോയ ജീവനക്കാരുടെ സ്ഥാനത്ത് ആനുപാതികമായ നിയമനങ്ങള്‍ നടത്തിയില്ല. തൊഴിലില്ലായ്മ ഭീകരമായി വര്‍ദ്ധിച്ചു.

സാമൂഹ്യസാംസ്‌കാരിക രംഗം നേരിടുന്നത് ഞെട്ടലുളവാക്കുന്ന അധഃപതനമാണ്. സ്ത്രീയായിപിറന്നവര്‍ക്ക് ജീവിക്കാനാവാത്ത സ്ഥിതി അനുദിനം വളരുകയാണ്. പെണ്‍വാണിഭവും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും പെരുകുന്നു. സ്‌കൂള്‍കുട്ടികള്‍ പോലും മദ്യപാനികളായി മാറുന്നു. ഭരണത്തെ നയിക്കുന്ന പ്രമുഖ കക്ഷിയുടെ നേതൃത്വത്തില്‍ സംസ്ഥാനമെമ്പാടും ജനാധിപത്യധ്വംസനങ്ങളും പൗരാവകാശലംഘനങ്ങളും അരങ്ങേറി.

യു.ഡി.എഫ് കാലത്തെ ഉരുട്ടിക്കൊലക്കെതിരെ പ്രസംഗിച്ച് അധികാരത്തിലെത്തിയവരുടെ ഭരണത്തില്‍ അതേ കസ്റ്റഡികൊലപാതകമുണ്ടായി. പാലക്കാട്ട് സമ്പത്തും തലശ്ശേരിയില്‍ നാസ്സറും പോലീസ് കസ്റ്റഡിയില്‍ മൃഗീയമായി പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടു. ദേശീയപാത- കിനാലൂര്‍ സമരങ്ങളെ പോലീസ് നിഷ്ഠുരമായി തല്ലിച്ചതച്ചു.

പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയുള്ള ക്രമക്കേടുകളും അഴിമതികളും സര്‍വ്വത്ര അരങ്ങേറി. ഫലത്തില്‍ യു.ഡി.എഫിനെതിരെ വോട്ട് ചെയ്ത സാധാരണജനങ്ങളെ വന്‍തോതില്‍ നിരാശരാക്കുന്ന ഭരണമാണ് എല്‍.ഡി.എഫ് നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടന്ന രണ്ട് പ്രധാന തെരഞ്ഞെടുപ്പുകളിലും ഇടത് മുന്നണിക്കുണ്ടായ ദയനീയമായ തോല്‍വിയില്‍ ജനങ്ങളുടെ പ്രതിഷേധവും അസംതൃപ്തിയുമാണ് പ്രതിഫലിച്ചത്.

ഇതെന്ത് വികസനം?

എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികള്‍ ഒറ്റക്കെട്ടായി വികസനം എന്ന ഒരു മുദ്രാവാക്യം കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളായി മുന്നോട്ടു വയ്ക്കുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം? ഇപ്രകാരം ഒരു മുദ്രാവാക്യം സ്വീകരിക്കണമെന്ന് ഒരാളും ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ആവശ്യപ്പെട്ടിട്ടില്ല. കൗശലപൂര്‍വ്വം രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ തലയില്‍ വച്ചുകെട്ടിയതാണ് ഈ മുദ്രാവാക്യം. സ്വകാര്യമൂലധനത്തിന്റെ മൂര്‍ച്ചയേറിയ പ്രവര്‍ത്തനത്തിനുവേണ്ടി സാഹചര്യമൊരുക്കിക്കൊടുക്കലാണ് വികസനം.

സ്വന്തം നിലയില്‍ എങ്ങിനെയും പിഴച്ചുപോകാന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ജനങ്ങളെ അവരുടെ ആവാസഭൂമിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കലാണ് വികസനം. ‘Dev-elopment’ എന്ന പദം കുത്തക മുതലാളിമാരുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളുടെയും ആകര്‍ഷക പദമാണ്.

രാഷ്ട്രീയ മണ്ഡലത്തില്‍ ഇന്ന് ഈ മുദ്രാവാക്യം കൊണ്ടുവന്നതും സ്ഥാപിച്ചതും മുതലാളിവര്‍ഗ്ഗതാല്‍പ്പര്യാര്‍ത്ഥമാണ്. ജനങ്ങള്‍ക്ക് അങ്ങിനെയൊരു മുദ്രാവാക്യമില്ലെന്ന് ജനങ്ങള്‍ പ്രഖ്യാപിക്കണം. അതീവ ഗൗരവസ്വഭാവമാര്‍ന്ന രാഷ്ട്രീയ ഉള്ളടക്കമുള്ള വിഷയങ്ങളായ സാമ്പത്തിക അസമത്വം, വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ തുടങ്ങിയവയെ നിഷ്‌ക്കാസനം ചെയ്യാനായി ബോധപൂര്‍വ്വം അടിച്ചേല്‍പ്പിച്ചതാണ് ഈ പദം. വികസനം എന്ന ഈ വഞ്ചനാപരമായ മുദ്രാവാക്യത്തെ ജനങ്ങള്‍ പാടേ അവഗണിക്കണം. ജനങ്ങള്‍ക്കെതിരായ ഒരു സാമ്പത്തിക രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് ‘വികസനം’ എന്ന മുദ്രാവാക്യം.

ജനങ്ങള്‍ക്ക് ഏവര്‍ക്കും അവകാശപ്പെട്ട ദേശീയ പാതകളെ ബി.ഒ.ടി മുതലാളിമാര്‍ക്ക് തീറെഴുതുന്ന വഞ്ചനയെയാണ് ഇവര്‍ വികസനം എന്ന് വിളിക്കുന്നത്. പൊതുമേഖലയിലുണ്ടായിരുന്ന കൊച്ചി തുറമുഖത്ത് പണിയെടുത്തിരുന്ന നൂറുകണക്കിനു തൊഴിലാളികള്‍ക്ക് പണി നഷ്ടപ്പെടുത്തിയ, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആണ് അവരുടെ വികസനം. പ്രസ്തുത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട 300 ലധികം കുടുംബങ്ങള്‍ ഇന്നും തെരുവിലാണ്.

എവിടെയാണ് ആഗോളവ- ല്‍ക്കരണത്തിന്റെ നയങ്ങളോട് സി.പി.ഐ(എം)നും കൂട്ടര്‍ക്കും വിയോജിപ്പുള്ളത്?

ജനങ്ങളുടെ സ്വന്തം ഭൂമി ദുബായിലെ ഒരു കമ്പനിക്കു സ്മാര്‍ട്ട്‌സിറ്റി പണിയാന്‍ പാട്ടമെന്ന പേരില്‍ സൗജന്യമായി നല്‍കുന്നതാണ് മറ്റൊരു വികസനം. ഈ വികസനം യഥാര്‍ത്ഥത്തില്‍ ചതിയാണ്. നീതിനിഷേധമാണ്. ഇതിന് ജനങ്ങളുടെ കൈയൊപ്പ് വാങ്ങിയെടുക്കാനുള്ള നെറിവ് കെട്ട നീക്കങ്ങളാണ് ഇന്ന് നടക്കുന്നത്.

സ്വകാര്യമൂലധനത്തിന്റെ കഴുത്തറപ്പന്‍ ചൂഷണത്തിലേക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുന്ന എല്ലാ നയങ്ങളും പിന്‍വലിക്കുക, അരിയും ഭക്ഷ്യവസ്തുക്കളും തൊഴിലും നല്‍കുക, മാനഭയവും പ്രാണഭീതിയും കൂടാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സാഹചര്യമൊരുക്കുക, കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമരുളിക്കൊണ്ട് അത്യാവശ്യഭക്ഷ്യവസ്തുക്കളുടെ സമ്പൂര്‍ണ്ണസംഭരണവും വിതരണവും സര്‍ക്കാര്‍ ഏറ്റെടുക്കുക, മദ്യവും ലഹരി പദാര്‍ത്ഥങ്ങളും വ്യാപകമാക്കിത്തീര്‍ക്കുന്ന വിനാശകരമായ നയം അവസാനിപ്പിക്കുക, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം, പൊതുനിരത്തുകള്‍ ഇവ സ്വകാര്യമുതലാളിമാര്‍ക്ക് തീറെഴുതുന്നത് ഉടന്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരിക്കണം നമ്മുടെ മുദ്രാവാക്യം.

ഇതൊക്കെ നേടണമെങ്കില്‍ കേവല രാഷ്ട്രീയ മാറ്റം പോര. മുന്നണികളെ മാറി മാറി അധികാരത്തിലേറ്റുന്നതുകൊണ്ടുമാത്രം അടിസ്ഥാനജീവിത പ്രശ്‌നങ്ങള്‍ക്കറുതിയാവുന്നില്ല. പകരം അഴിമതി നിറഞ്ഞ ഭരണസംവിധാനത്തില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ ആവശ്യമായിരിക്കുന്നു. തെരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പ്രക്രിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേള കൂടിയാണ്. അതിലേക്കു ശ്രദ്ധ ക്ഷണിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. നിഷ്‌ക്രിയരായ വോട്ടര്‍മാര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ ഒരു സ്ഥാനവുമില്ലായെന്ന കാര്യം തിരിച്ചറിയാന്‍ വൈകരുത്.