Categories

ഡോക്ടര്‍മാര്‍ വീണ്ടും സമരം തുടങ്ങി

doctors

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിന്. സ്വകാര്യപ്രാക്ടീസ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുന്നതുള്‍പ്പെടെ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. ഇന്നലെ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്മാറിയെന്ന് കെ ജി എം സി ടി എ തിരുവനന്തപുരത്ത് അറിയിച്ചു. നാളെ മുതല്‍ മെഡിക്കല്‍ കോളജിലെ പേവാര്‍ഡുകള്‍ ബഹിഷ്‌കരിക്കാനും അധ്യാപന, പരീക്ഷാ ഡ്യൂട്ടികളില്‍ നിന്നു വിട്ടുനില്‍ക്കാനുമാണ് സംഘടനാ തീരുമാനം.

നേരത്തെ സമരത്തിലായിരുന്ന ഡോക്ടര്‍മാര്‍ ഒക്ടോബര്‍ ഒന്നിന് ആരോഗ്യമന്ത്രിയുമായി നടത്തിയ ഒത്തു തീര്‍പ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ സ്വകാര്യ പ്രാക്ടീസ് നിരോധനം അംഗീകരിച്ച ഡോക്ടര്‍മാര്‍ പിന്നീട് തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പറയുകയായിരുന്നു. സ്വകാര്യ പ്രാക്ടീസ് നിരോധനത്തില്‍ പ്രതിഷേധിച്ച് നിരവധി ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേശിക്കുകയോ പിരിഞ്ഞു പോവുകയോ ചെയ്തിട്ടുണ്ട്.

ഡോക്ടര്‍മാര്‍ സമരം തുടങ്ങുന്നതോടെ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന തടസ്സപ്പെടും. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷയുടെ നടത്തിപ്പും പ്രശ്‌നമാകും.

വി.ആര്‍.എസും നീണ്ട അവധിയും നിഷേധിക്കുന്നതിനാല്‍ കൂട്ട രാജിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍ സര്‍വീസിലെ മുതിര്‍ന്ന സ്‌പെഷിലിറ്റി ഡോക്ടര്‍മാര്‍. ഇതിനോടകം 30ല്‍ ഏറെ പേര്‍ രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. അതേസമയം സമരത്തെ ശക്തമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.