karippur airport തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞെത്തുന്നവരെ ശരിയായി ഉപയോഗപ്പെടുത്തുന്നതില്‍ കേരളം പരാജയപ്പെടുന്നതായി പഠന റിപ്പോര്‍ട്ട്. സി.ഡി.എസ്(സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

പ്രധാനമായും ഗള്‍ഫ് റിട്ടേണീസുകളുടെ കഴിവുകള്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല. അന്യരാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്നതിന് മുമ്പ് ആവശ്യമായ കൗണ്‍സിലിങ് നല്‍കേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. സി.ഡി.എസ് ഹോണററി ഫെലോ കെ.സി സകരിയ, പ്രൊഫ.എസ് ഇറുദയ രാജന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

Subscribe Us:

പ്രവാസ ജീവിതം മതിയാക്കി തിരിച്ചെത്തിയവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും വളരെ കുറച്ച് സംഭാവനകള്‍ മാത്രമേ വികസനപ്രക്രിയയില്‍ ഉണ്ടാവുന്നുള്ളൂ. സാമ്പത്തിക ആസ്ഥി, തൊഴില്‍ വൈദഗ്ധ്യം, അച്ചടക്കമുള്ള തൊഴില്‍ സംസ്‌കാരം, അവര്‍ നേടിയെടുത്ത ബന്ധങ്ങള്‍ തുടങ്ങിയ പരിഗണിക്കുകയാണെങ്കില്‍ അവരില്‍ നിന്ന് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ സര്‍ക്കാറോ സ്വകാര്യ ബിസിനസ് സംരംഭകരോ ഇതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ല. ഇവരുടെ കഴിവും സമ്പത്തും സംസ്ഥാനത്ത് ശരിയായി ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ പ്രേരണ ഉണ്ടാവുന്നില്ല. നിലവില്‍ 13 ലക്ഷം ഗള്‍ഫ് റിട്ടേണികളാണ് കേരളത്തിലുള്ളത്. 2015 ആകുമ്പോഴേക്കും അത് 15.8 ആയി വര്‍ധിക്കും. 2008ല്‍ ഇവരുടെ എണ്ണം 7.4 ആയിരുന്നു.

അതേസമയം ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം പ്രവാസികളെ വലിയ തോതിലൊന്നും ബാധിച്ചിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. മാന്ദ്യകാലത്ത് 1.7 ലക്ഷം പേര്‍ കേരളത്തിലേക്ക് മടങ്ങി വന്നപ്പോള്‍ അതില്‍ 60,000 പേര്‍ മാത്രമാണ് മാന്ദ്യവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയത്. തൊഴില്‍ തേടി പോകുന്നതിനായി ശരാശരി ഒരാള്‍ക്ക് 57,000 രൂപ ചെലവ് വരുന്നുണ്ട്. എന്നാല്‍ ശരാശരി ഒരാള്‍ക്ക് ലഭിക്കുന്ന മാസ ശമ്പളം വെറും പതിനായിരം രൂപ മാത്രമാണ്. ബാങ്കില്‍ നിന്നും ലോണെടുത്തും മറ്റുമാണ് വിദേശത്ത് പോകുന്നതിനുള്ള പണം കണ്ടെത്തുന്നതെന്നും ഇത് പലരുടെയും കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.