Administrator
Administrator
സി.പി.ഐ.എം മതങ്ങളുമായി തുറന്ന സംവാദത്തിന്; സംശയമുണ്ടെന്ന് കെ.സി.ബി.സി
Administrator
Friday 3rd February 2012 6:43pm

തിരുവനന്തപുരം: സി.പി.ഐ.എം സമ്മേളനത്തില്‍ യേശുവിന്റെ ചിത്രം സ്ഥാപിച്ചത് ക്രിസ്ത്യാനിറ്റി ഉള്‍പ്പെടെയുള്ള മതങ്ങളുമായി പാര്‍ട്ടി നടത്താനിരിക്കുന്ന സംവാദത്തിന്റെ സൂചന. മതസംഘടനകളുമായി തുറന്ന സംവാദം വേണമെന്നാണ് പാര്‍ട്ടി നിലപാടെന്നും പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഇക്കാര്യം ഊന്നിപ്പറയുമെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ കൃസ്ത്യന്‍ സഭകള്‍ ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ ഇടപെടുന്ന ഒരുപാട് മേഖലകളുണ്ട്. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും പാര്‍ട്ടി ഇടപെടില്ല. എന്നാല്‍ ആരോഗ്യം, വികസനം തുടങ്ങി നിരവധി മേഖലകളില്‍ സഭകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രംഗങ്ങളില്‍ മത സംഘടനകളുമായി സഹകരിക്കുന്നതില്‍ തെറ്റില്ല. മതങ്ങളുമായി തുറന്ന സംവാദത്തിന് തയ്യാറാകണമെന്നു തന്നെയാണ് പാര്‍ട്ടി നിലപാട്. ഇക്കാര്യം പാര്‍ട്ടി സമ്മേളനം ചര്‍ച്ച ചെയ്യും’ – ഐസക് പറഞ്ഞു.

പാര്‍ട്ടി ആചാര്യന്‍മാരെ കയ്യൊഴിഞ്ഞതുകൊണ്ടാണ് സി.പി.ഐ.എം യേശുവിനെ ഏറ്റെടുത്തിരിക്കുന്നതെന്ന ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ പ്രസ്താവനയെ ഐസക് തള്ളിക്കളഞ്ഞു.

‘ഇങ്ങിനെ പറയുന്നവര്‍ പാര്‍ട്ടി ചരിത്രത്തെക്കുറിച്ച് അറിയാത്തവരാണ്. മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ആദ്യകാല കൃതികളിലെല്ലാം യേശുവിനെക്കുറിച്ചും കൃസ്ത്യാനിറ്റിയെക്കുറിച്ചും വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ക്രിസ്തുവിനെ ഏതെങ്കിലും മതവിശ്വാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിവെക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ദൈവിശ്വാസമില്ലാത്തവര്‍ പോലും ക്രിസ്തുവിനെ ബഹുമാനിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സഭയ്ക്ക് സന്തോഷം തോന്നുകയാണ് വേണ്ടത്.

പാര്‍ട്ടിയുടെ ആചാര്യന്‍മാര്‍ യേശുവിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. വിമോചന ദൈവശാസ്ത്രം ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. കേരളത്തില്‍ ഇതിന് മുമ്പും സഭയ്ക്ക് പുറത്തുള്ളവര്‍ യേശുവിനെ ഉപയോഗിച്ചിട്ടുണ്ട്. വിമോചന സമരകാലവും മറ്റും ഇതിന് ഉദാഹരണങ്ങളാണ്.

ശത്രുത തുടരുമ്പോള്‍ തന്നെ പാര്‍ട്ടി നേതൃത്വം സഭാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സഭാ മേലധ്യക്ഷന്‍മാര്‍ എന്നത് സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ശ്രദ്ധിക്കുന്നവരാണ്. അവരുമായി സംവാദത്തിന്റെ വാതിലുകള്‍ പാര്‍ട്ടി ഒരിക്കലും കൊട്ടിയടച്ചിട്ടില്ല. ക്രിസ്ത്യന്‍ സംഘടനകള്‍ക്കും മറ്റ് മത നേതാക്കള്‍ക്കും പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ അത് പരിശോധിക്കാന്‍ സി.പി.ഐ.എം തയ്യാറായിട്ടുമുണ്ട്.

എന്നാല്‍ സമീപകാലത്ത് ചില സഭാ നേതാക്കന്‍മാര്‍ എടുത്ത നിലപാടിന്റെ ഭാഗമായി മാത്രമേ ഇപ്പോഴത്തെ വിമര്‍ശനത്തെ കാണേണ്ടതുള്ളൂ’- ഐസക് വ്യക്തമാക്കി.

വിവാദത്തോടുള്ള പ്രതികരണം ആരാഞ്ഞ് കെ.സി.ബി.സി വക്താവ് പോള്‍ തേലക്കാട്ടിനെ ബന്ധപ്പെട്ടപ്പോള്‍ ഇത്തരം നിസ്സാര വിഷയങ്ങളില്‍ കെ.സി.ബി.സി നിലപാട് വ്യക്തമാക്കാറില്ലെന്നും ചില പോഷക സംഘടനകള്‍ പ്രസ്താവനയിറക്കിയിട്ടുണ്ടെന്നുമാണ് ആദ്യം പ്രതികരിച്ചത്.

എന്നാല്‍ ക്രിസ്തു സ്‌നേഹത്തിന്റെയും അനുരജ്ഞനത്തിന്റെയും ക്ഷമയുടെയും പ്രതീകമാണെന്നും ഒരു വിപ്ലവ പാര്‍ട്ടിക്ക് ഇതെങ്ങിനെ സ്വീകാര്യമാകുമെന്നതിനെക്കുറിച്ച് സംശയമുണ്ടെന്നും പോള്‍ തേലക്കാട്ട് വ്യക്തമാക്കി. കാറല്‍ മാര്‍ക്‌സ് ക്രിസ്ത്യാനിയായത് കൊണ്ട് ക്രിസ്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്നും സി.പി.ഐ.എം നേരത്തെയും മദര്‍ തെരേസയുടെയും അല്‍ഫോണ്‍സയുടെയും ചിത്രങ്ങള്‍ ഇങ്ങിനെ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യേശു ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളിയെന്ന് പിണറായി പറഞ്ഞു. വിമോചന പോരാളിയെന്ന നിലയിലാണ് തങ്ങള്‍ യേശുവിനെ ആദരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒട്ടകം സൂചിതുളയിലൂടെ കടന്നാല്‍ മാത്രമേ ധനവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂവെന്നാണ് യേശു പറഞ്ഞത്. അങ്ങനെ പറയുമ്പോള്‍ അത് അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ്. അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരെ പോരാടുന്ന വിമോചന പോരാളിയാണ് യേശു. അദ്ദേഹം കൊള്ളപ്പലിശക്കാരെ ദേവാലയത്തില്‍ നിന്നും ചാട്ടകൊണ്ട് അടിച്ചുപുറത്താക്കി. ആ ക്രിസ്തുവിനെ സ്വാഭാവികമായും ഞങ്ങള്‍ ആദരിക്കുന്നതില്‍ ആര്‍ക്കും വിഷമം തോന്നേണ്ട കാര്യമില്ല- പിണറായി പറഞ്ഞു.

പാര്‍ട്ടി സമ്മേളനത്തില്‍ ക്രൂശിത രൂപം; സി.പി.ഐ.എമ്മിനെതിരെ സഭാ നേതൃത്വം

Malayalam news

Kerala news in English

Advertisement