എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയില്‍ അധികാരമോഹം: കാരാട്ട്; വി.എസ്സിനെതിരായ നടപടി അടഞ്ഞ അധ്യായം: യെച്ചൂരി
എഡിറ്റര്‍
Thursday 23rd August 2012 11:04pm

Prakash karat and Sitaram Yechuryന്യൂദല്‍ഹി: സി.പി.ഐ.എം കേരളഘടകത്തിലെ വിഭാഗീയതയ്ക്കു കാരണം ആശയസമരമല്ലെന്നും അധികാരമോഹം മാത്രമാണെന്നും പ്രകാശ് കാരാട്ട്. ‘ഔട്ട്‌ലുക്ക്’ മാഗസിന്റെ ഓണപ്പതിപ്പിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. അതേ സമയം വി.എസ് അച്യുതാനന്ദനെതിരായ നടപടി അടഞ്ഞ അധ്യായമാണെന്ന് സീതാറാം യെച്ചൂരി വെളിപ്പെടുത്തി.

കേരളത്തിലെ പാര്‍ട്ടിയെ പിടിച്ചുലക്കുന്നത് പാര്‍ലമെന്ററി വ്യാമോഹമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി പാര്‍ട്ടിയില്‍ തുടരുന്ന പ്രശ്‌നമാണ് വിഭാഗീയത. ഇത് ആശയസമരങ്ങളുടെ പേരിലല്ല, ചില താത്പര്യങ്ങളുടെ പോരിലാണെന്നും കാരാട്ട് പറയുന്നു. പഴഞ്ചന്‍ മുദ്രാവാക്യങ്ങള്‍ മാറേണ്ടതുണ്ട്. പുതിയ കാലഘട്ടത്തില്‍ പുതിയ മുദ്രാവാക്യങ്ങളും മുന്നേറ്റങ്ങളുമുണ്ടാകണം. അതിന് കേരളത്തിലെ പാര്‍ട്ടിക്ക് പ്രധാന പങ്കാണഉള്ളത്. കേരളത്തില്‍ നിന്നു വേണം പുതിയ ആശയം ഉയര്‍ന്നുവരേണ്ടതെന്നും കാരാട്ട് വ്യക്തമാക്കി.

Ads By Google

കേരളത്തിലെ പാര്‍ട്ടിയില്‍ യാതൊരു പ്രതിസന്ധിയുമില്ല. ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. വധവുമായി ബന്ധപ്പെട്ട് കേരളത്തിലെ പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടിയിട്ടുണ്ടെങ്കില്‍ അതു വീണ്ടെടുക്കും. ടി.പി വധത്തിനു ശേഷം മാധ്യമങ്ങളുടെ ആക്രമണമാണ് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചത് കാരാട്ട് പറഞ്ഞു.

പാര്‍ട്ടിക്കു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തും. പാര്‍ട്ടിയെ തിരുത്താന്‍ എസ്.എഫ്.ഐക്കാരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പാര്‍ട്ടിക്ക് പിഴവ് പറ്റിയപ്പോഴൊക്കെ തിരുത്തുവാനും മുന്നോട്ട് പോകാനും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അത് ഇനിയും തുടരുക തന്നെ ചെയ്യും.

പാര്‍ട്ടിയില്‍ വി.എസ് അച്യുതാനന്ദനെതിരായ വിഷയം അടഞ്ഞ അധ്യായമാണെന്നു പി.ബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. വി.എസ് അച്യുതാനന്ദനെതിരെ യാതൊരു നടപടിയും ഇനിയുണ്ടാകില്ല. നടപടിയെല്ലാം അടഞ്ഞ അധ്യായം മാത്രമാണ്. ചില തെറ്റുകള്‍ സംഭവിച്ചതായി വിഎസ് കേന്ദ്രകമ്മിറ്റിയില്‍ സമ്മതിച്ചിരുന്നു. നടപടി മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇനി തെറ്റ് പരസ്യമായി ഏറ്റുപറയേണ്ടതില്ല. ആ വിഷയമൊക്കെ അടഞ്ഞ അധ്യായമാണ്. വി.എസ് വിഷയവുമായി ബന്ധപ്പെട്ടതൊന്നും ഇനി കേന്ദ്രകമ്മിറ്റിക്ക് മുമ്പില്‍ ഇല്ലെന്നും യെച്ചൂരി വ്യക്തമാക്കി.

Advertisement