കൊച്ചി: കുട്ടികളുടെ മികച്ച ചിത്രത്തിനുളള ദേശീയ അവാര്‍ഡ് കേശുവിന് നല്‍കുന്നത് ഹൈക്കോടതി തടഞ്ഞു. വിധിനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് ചിത്രക്കുഴല്‍ ചിത്രത്തിന്റെ സംവിധായകന്‍ അബ്ദുല്‍ മജീദ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടക്കാല ഉത്തരവ്.

മറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യാമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ച കോടതി അവരുടെ വിശദീകരണവും കൂടി കേട്ട ശേഷം അന്തിമ വിധി പ്രഖ്യാപിക്കും.

കേശുവിന്റെ സംവിധായകന്‍ ശിവനാണെന്നും അദ്ദേഹത്തിന്റെ മകന്‍ സജ്ഞീവ് അംഗമായ സംസ്ഥാന ജൂറിയാണ് സിനിമ തിരഞ്ഞെടുത്ത് ദല്‍ഹിക്ക അയച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലം തന്റെ ചിത്രമായ ചിത്രകുഴലിനെ ദല്‍ഹിയിലേക്ക് അയച്ചില്ലെന്നും ദുരുദ്ദേശപരമായ നടപടിയായിരുന്നു അതെന്നും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ മറ്റൊരു ജൂറി ചിത്രം വീക്ഷിച്ചശേഷമാണ് അവാര്‍ഡിന് ശുപാര്‍ശചെയ്യുന്നത്.

അച്ഛന്റെ ചിത്രത്തിന് വിധിയെഴുതാന്‍ മകന്‍ ജൂറിയായ നടപടി തെറ്റായിപ്പോയെന്ന് ഹരജിക്കാരന്‍ പറഞ്ഞു. കേന്ദ്ര ജൂറിയായ ഹരികുമാര്‍ ‘കേശു’വിനെതിരെ സംസാരിച്ചിട്ടുണ്ട്. ഹരികുമാര്‍ സംവിധാനം ചെയ്ത പുലര്‍വെട്ടം എന്ന ചിത്രത്തിന്റെ അനുകരണമാണ്. എന്നാല്‍ ചിത്രം റീമേക്ക് ചെയ്തതാണെന്ന കാര്യം ജൂറിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേസില്‍ അവാര്‍ഡ് സമിതിയുടെ മിനുട്‌സ് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേശീയ അവാര്‍ഡ് സമിതി ഡയറക്ടര്‍ക്കും കേന്ദ്രസര്‍ക്കാരിനും ഇതു സംബന്ധിച്ച് കോടതി നോട്ടീസ് അയച്ചിരുന്നു.