കോട്ടയം: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ്. പാര്‍ട്ടി ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം.പി.സിയുടെ ചിത്രത്തില്‍ ചെരുപ്പ് മാലയണിയിച്ചും ഗോമൂത്രം തളിച്ചുമായിരുന്നു പ്രതിഷേധം.

കേരളകോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ 15000 പേരിലധികം പങ്കെടുത്താല്‍ ‘പട്ടിയ്ക്ക് നല്‍കുന്ന ചോറ്’ താന്‍ തിന്നുമെന്ന പി.സി ജോര്‍ജിന്റെ വെല്ലുവിളിയാണ് പ്രതിഷേധങ്ങള്‍ക്കു പിന്നില്‍.കേരളകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ പി.സി ജോര്‍ജിന്റെ വാടക ഗുണ്ടകളാണെന്നാരോപിച്ചായിരുന്നു സമരം. തിരുനക്കരയില്‍ യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

നേരത്തെ പി.സിക്കു മറുപടി നല്‍കാന്‍ തെരുവില്‍ അലയുന്ന നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കികൊണ്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ജനപക്ഷം പ്രവര്‍ത്തകര്‍ ഇതിന് മറുപടിയായി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. കെ.എം മാണിയുള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളെ നായ്ക്കളോട് ഉപമിച്ചുകൊണ്ടായിരുന്നു ജനപക്ഷത്തിന്റെ പ്രതിഷേധം.

ജനപക്ഷം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് കേരള കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന്റെ ജനല്‍ച്ചില്ലുകളും ഫ്‌ളക്സ് ബോര്‍ഡുകളും തകര്‍ക്കുകയായിരുന്നു. പൊലീസ് പിടികൂടിയിരിക്കുന്നത് ജനപക്ഷം പ്രവര്‍ത്തകരെയാണെന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

തുടര്‍ന്ന് പി.സി ജോര്‍ജിന് നേരെ പ്രതീകാത്മകമായി ഗോമൂത്രാഭിഷേകവുമായി യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ വരികയായിരുന്നു. അതേസമയം, ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.