തിരുവനന്തപുരം: ലോക കമ്മ്യൂണിറ്റി പോലീസിങ് സമ്മേളനം കൊച്ചിയില്‍ ഇന്ന് തുടങ്ങും. ഇന്നും നാളെയുമാണ് സമ്മേളനം. അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, സ്വീഡന്‍, യു.എ.ഇ, പോളണ്ട്, അഫ്ഗാനിസ്ഥാന്‍, ജോര്‍ദാന്‍ എന്നിവയടക്കം 40 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പോലീസ് സേനാ മേധാവികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വിദേശരാജ്യങ്ങളിലെ പോലീസ് മേധാവികള്‍ക്ക് പുറമേ കിരണ്‍ബേദിയെ പോലെയുള്ള വിരമിച്ച പ്രമുഖ പോലീസ് മേധാവികളും, പോലീസ് അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

കമ്മ്യൂണിറ്റി പോലീസിങ് പദ്ധതി 2007ലാണ് കേരളത്തില്‍ ആരംഭിച്ചത്. ജസ്റ്റിസ് കെ.ജെ. തോമസ് കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണിത്. ആദ്യവര്‍ഷം 20 പോലീസ് സ്‌റ്റേഷനുകളിലും തൊട്ടടുത്തവര്‍ഷം 23 പോലീസ് സ്‌റ്റേഷനുകളിലും കമ്മ്യൂണിറ്റി പോലീസിങ് പദ്ധതി ആരംഭിച്ചു.