തിരുവനന്തപുരം: ലോട്ടറിച്ചട്ടത്തില്‍ വരുത്തിയ ഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിന് ശക്തിപകരുമെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. ലോട്ടറിച്ചട്ടത്തില്‍ വരുത്തിയ ഭേദഗതികള്‍ക്കെതിരായ ആരോപണങ്ങളെ നിരാകരിച്ച വി എസ് രമേശ് ചെന്നിത്തല കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

ലോട്ടറിച്ചട്ടത്തില്‍ വരുത്തിയ ഭേദഗതി സര്‍ക്കാറിന്റെ വാദങ്ങള്‍ക്ക് ശക്തിപകരാനുള്ളതാണ്. കാര്യങ്ങള്‍ പഠിക്കാതെയാണ് കെ പി സി സി പ്രസിഡന്റ് വിഷയത്തില്‍ പ്രതികരിക്കുന്നത്. ചട്ടഭേദഗതി വരുത്തിയതുകൊണ്ട് മാത്രമാണ് ലോട്ടറിമാഫിയക്ക് കോടതിയില്‍ നിന്നും സ്‌റ്റേ ലഭിക്കാതെപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ വി എസ് വിമര്‍ശിച്ചു. ഇന്ത്യ മാത്രമാണ് അന്താരാഷ്ട്രരംഗത്ത് എന്‍ഡോസള്‍ഫാന് അനുകൂലമായി നിലപാടെടുത്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള ഒരുകേന്ദ്രമന്ത്രി എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുത്തത് അപലപനീയമാണെന്നും അച്ച്യുതാനന്ദന്‍ വ്യക്തമാക്കി.