എഡിറ്റര്‍
എഡിറ്റര്‍
മംഗലാപുരത്തിന് പിന്നാലെ ഹൈദരാബാദിലും പിണറായിയെ വിലക്കി ബി.ജെ.പി; പങ്കെടുത്താല്‍ എന്ത് ചെയ്യുമെന്ന് കാണിച്ചു തരാമെന്നു എം.എല്‍.എയുടെ ഭീഷണി
എഡിറ്റര്‍
Monday 6th March 2017 6:56pm

 

ഹൈദരാബാദ്: കേരള മുഖ്യമന്ത്രിയെ ഹൈദരബാദില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ബ.ജെ.പി എം.എല്‍.എ രാജാ സിങ്. മംഗളൂരുവില്‍ സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മാര്‍ച്ച് 19ന് ഹൈദരാബാദില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ഘോഷാമഹല്‍ മണ്ഡലത്തിലെ എം.എല്‍.എയായ രാജാ സിങ് ആവശ്യപ്പെട്ടിരിക്കുന്നത്.


Also read ‘പൊട്ടു തൊട്ട് തട്ടമില്ലാതെ നടന്നാല്‍ മുഖത്ത് ആസിഡ് ഒഴിക്കും’; സോഷ്യല്‍ മീഡിയയില്‍ അസ്‌നിയക്കെതിരെ വീണ്ടും ഭീഷണി 


പിണറായിയെ ഹൈദരാബാദിലെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തെലുങ്കാന സര്‍ക്കാരിനും പൊലീസിനും വീഡിയോ സന്ദേശമാണ് രാജാ നല്‍കിയിരിക്കുന്നത്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നിരവധി സഹോദരന്മാര്‍ കേരളത്തില്‍ കൊല്ലപ്പെടുകയാണെന്നും ഈ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രി ഇവിടെത്തുമ്പോള്‍ തങ്ങള്‍ക്ക് നിശബ്ദരാകാന്‍ കഴിയുമോയെന്നുമാണ് രാജ വീഡിയോയിലൂടെ ചോദിക്കുന്നത്.

പരിപാടിയില്‍ പിണറായി പങ്കെടുക്കുകയാണെങ്കില്‍ അത് തടയുമെന്നും എന്ത് സംഭവിക്കുമെന്ന് കാണിച്ച് തരാമെന്നും രാജ പറഞ്ഞു. ‘പിണറായി എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് ഞാന്‍ കാണിച്ച് കൊടുക്കും. സിപി.ഐയ്‌ക്കോ സി.പി.ഐ.എമ്മിനോ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല പിണറായി പങ്കെടുക്കുന്നത് മാത്രമാണ് പ്രശ്‌നം. പിണറായി പങ്കെടുക്കുകയാണെങ്കില്‍ താന്‍ തടയും. അതിനു സമാനമായ പരിപാടി സംഘടിപ്പിക്കുകയും ചെയ്യും’ രാജ വീഡിയോയില്‍ പറയുന്നു.

നേരത്തെ മംഗളൂരുവില്‍ സി.പി.ഐ.എം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലിയില്‍ പിണറായയിയെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ പറഞ്ഞിരുന്നു. പരിപാടി നിശ്ചയിച്ച ദിവസം സ്ഥലത്ത് ഹര്‍ത്താലും പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കര്‍ണ്ണാടക സര്‍ക്കാരിന്റെ പിന്തുണയോടെ പിണറായി മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മാര്‍ച്ച് 19നു ഹൈദരാബാദിലെ നിസാം കോളേജ് ഗ്രണ്ടിലാണ് പിണറായി പങ്കെടുക്കുന്ന പരിപാടി നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ സാമൂഹിക സമത്വവും സമഗ്ര വികസനവും ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18നു ആരംഭിച്ച മഹാജന പദയാത്യുടെ സമാപന സമ്മേളനമാണ് ഹൈദരബാദില്‍ നടക്കാനിരിക്കുന്നത്.

Advertisement