കോഴിക്കോട്: സിനിമ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ടി. ബാലകൃഷ്ണന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫിലിം എക്‌സിബിറ്റേഴ് ഫെഡറേഷന്‍. ഇന്ന് സമരത്തില്‍. സംസ്ഥാനത്തെ 230 തിയറ്ററുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, സി ക്ലാസ് തിയറ്ററുകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. 340 ഓളം തിയറ്ററുകള്‍ അസോസിയേഷന്‍േറതായി ഉണ്ട്. മള്‍ട്ടിപ്ലക്‌സ് തിയെറ്ററുകള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കറിനെതിരേ പ്രസ്താവന നടത്തിയെന്ന പേരില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെതിരേ നടപടിയെടുക്കാനുള്ള നീക്കവും ശക്തമായി. എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ചേംബറിന്റെ സഹായത്തോടെ നികുതി വെട്ടിച്ചെന്നാണു ബഷീര്‍ ആരോപിച്ചത്.

ഇന്നു കൊച്ചിയില്‍ നടക്കുന്ന ഫിലിം ചേംബറിന്റെ പ്രത്യേക നിര്‍വാഹകസമിതി യോഗത്തില്‍ ബഷീറിനെതിരേ വിലക്കടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണു സൂചന. അങ്ങനെയെങ്കില്‍ പ്രതിസന്ധി ഗുരുതരമാകും. നിലവില്‍ റിലീസിംഗ് തീയറ്ററുകളില്‍ 48 എണ്ണം ഫെഡറേഷനു കീഴിലും 22 എണ്ണം അസോസിയേഷനു കീഴിലുമാണ്.