നാദിം പത്തങ്ങാടി

സീന്‍ ഒന്ന്

സ്ഥലം, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് കാമ്പസ്. മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുകയാണ്. പഠന സൗകര്യവുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം തുടങ്ങി മൂന്നു ദിവസം പിന്നിട്ടു. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമെല്ലാം ആവശ്യവുമായി രംഗത്തുണ്ട്.

സമരം മൂന്നാം ദിവസം പിന്നിട്ടതോടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പാലക്കാട് നഗരത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങി. സമരം റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ആവശ്യം. സമരത്തിന്റെ ചൂടറിയാന്‍ ചില ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ക്യാമറയുമായി കോളജിലേക്ക് പുറപ്പെട്ടു. പക്ഷെ കാമ്പസിനുള്ളില്‍ സ്ഥിതിയാകെ മാറി. ഫോണില്‍ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞ വിദ്യാര്‍ത്ഥി അവകാശങ്ങളൊന്നും ക്യാമറയില്‍ പറയാന്‍ അവര്‍ തയ്യാറല്ല.

‘ പ്രശ്‌നങ്ങളുണ്ട്, എന്നാല്‍ ഞങ്ങളത് പരസ്യമായി ക്യാമറക്ക് മുന്നില്‍ പറയില്ല. പറഞ്ഞാല്‍ മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിക്കും’- വിദ്യാര്‍ഥികള്‍ ‘ന്യായം’ നിരത്തി. പിന്നെന്തിനാണ് വിളിച്ചുവരുത്തിയതെന്ന് ചോദിച്ചപ്പോള്‍. സമരത്തെക്കുറിച്ച് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതി. ഞങ്ങളെ കാണിക്കേണ്ട എന്നായി വിദ്യാര്‍ഥികള്‍.

സീന്‍ രണ്ട്

മറ്റൊരു പ്രൊഫഷണല്‍ കോളജ്. ക്യാമ്പസില്‍ ഫാഷന്‍ ഷോ പ്രധാന കലാപരിപാടിയാണ്. ക്യാംപസിലെ വിദ്യാര്‍ഥികള്‍ ചാനലുകളുടെ ഓഫീസ് കയറിയിറങ്ങുകയാണ്. കാംപസിലെ ഫാഷന്‍ ഷോയും മറ്റ് പരിപാടികളും റിപ്പോര്‍ട്ട് ചെയ്യാനെത്തണം. അതിന് വേണ്ട സൗകര്യമെല്ലാം അവര്‍ തയ്യാര്‍ ചെയ്തു തരുമെന്ന് വാഗ്ദാനമുണ്ട്.

ക്യാമറയുമായി കാംപസിലെത്തിയാല്‍ മതി, അവിടെ മുഖം മാത്രമല്ല, ശരീരത്തിലെ എല്ലാ പേശികളും ഞാഡീഞരമ്പുരളും ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഓഫറുമുണ്ട്.


……………………

പുതിയ കാലത്തെ കലാലയങ്ങള്‍ എത്രത്തോളം അരാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്നതിന്റെ എളുപ്പം തിരിച്ചറിയാന്‍ പറ്റുന്ന ഒരു മാതൃകയാണിത്. വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്വന്തം അവകാശങ്ങള്‍ പോലും തന്റെടത്തോടെ മുഖമുയര്‍ത്തി നിന്ന് ജനങ്ങളോട് പറയാന്‍ കെല്‍പ്പില്ലാത്ത സമൂഹമായി അവര്‍ മാറിയിരിക്കുന്നു.

ഇപ്പോള്‍ ഒരു സമരങ്ങളും കലാലയങ്ങളില്‍ നിന്ന് ആരംഭിക്കുന്നില്ല, ചിന്തയുടെ ഒരു പുകയും ആ വളപ്പില്‍ നിന്ന് ഉയരുന്നില്ല. വിപണിയുടെ ഉല്‍സവങ്ങളാണവിടം. ടെലിവിഷന്‍ ചാനലുകളിലെ വിനോദ പരിപാടികള്‍ തങ്ങളുടെ ക്യാംപസില്‍ ഷൂട്ട് ചെയ്യണമെന്ന് ആഭ്യര്‍ത്ഥിച്ച് ചാനല്‍ ആസ്ഥാനങ്ങളില്‍ കയറിയിറങ്ങുന്ന യൂണിയന്‍ ചെയര്‍മാന്‍മാരും ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിമാരുമുള്ള കാലമാണിത്.

കാലഘട്ടം ആവശ്യപ്പെടുന്ന എല്ലാ പോരാട്ടങ്ങളില്‍ നിന്നും അവര്‍ പിന്‍വലിഞ്ഞിരിക്കയാണ്. മനുഷ്യഗന്ധമുള്ള ഒരു മുദ്രാവാക്യവും അവിടെ നിന്ന് ഉയരുന്നില്ല. സമരോത്സുക കാമ്പസിനെ സൃഷ്ടിച്ച വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാര്‍ പോലും ഇന്ന് ഫാഷന്‍ ഷോക്കും ട്രെന്റുകള്‍ക്കും പിന്നാലെ പോകുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അവര്‍ക്കൊപ്പമാണ് കൂടുതല്‍ വോട്ടെന്ന് ‘തിരിച്ചറിവുള്ള’ വിചിത്രമായ സംഘടനാ പ്രവര്‍ത്തനമാണ് കലാലയങ്ങളില്‍ നടക്കുന്നത്.

എഴുപതുകളിലെ രാഷ്ട്രീയ സാഹചര്യം ഇന്ന് സമൂഹത്തിലോ ക്യാംപസിലോ ഇല്ല. ഉണ്ടാവണമെന്ന് നിര്‍ബന്ധം പിടിച്ചിട്ട് കാര്യവുമില്ല. എങ്കിലും സമൂഹത്തിന്റെ പരിച്ഛേദമാകേണ്ട കാമ്പസുകള്‍ എങ്ങിനെ സമൂഹത്തില്‍ നിന്നും ഇങ്ങിനെ ഒറ്റപ്പെട്ടുപോയെന്ന് വിലയിരുത്തേണ്ടതുണ്ട്. ഒറ്റപ്പെട്ടതാണെന്ന് കരുതുന്നില്ല, ഒറ്റപ്പെടുത്തിയതാണ്.

വിദ്യാഭ്യാസം കച്ചവടച്ചരക്കായി മാറ്റപ്പെട്ടപ്പോള്‍ തനിക്കുചുറ്റും നടക്കുന്നതോ തന്നെ തന്നെയോ അറിയാന്‍ കഴിയാത്ത സമൂഹമായി അവരെ വളര്‍ത്തേണ്ടത് കച്ചവടക്കാരുടെ ആവശ്യമാണ്. എങ്കില്‍ മാത്രമേ അവരുടെ ഉല്‍പ്പന്നം ശരിയാംവണ്ണം വിറ്റുപോവുകരയുള്ളൂ. നമ്മുടെ കാമ്പസുകളെ അര് തിരിച്ചുപിടിക്കും…