Categories

പുതിയ പരീക്ഷണവുമായി കേരള കഫേ

abudabi-international-film

അബൂദബി: മലയാളത്തില്‍ പുതിയ സിനിമാ സങ്കല്‍പവുമായി പിറവിയെടുത്ത ‘കേരളകഫേ’ അബൂദബി മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റില്‍ വ്യത്യസ്ത അനഭവമായി. ഇന്നലെ വൈകിട്ടാണ് നിറഞ്ഞ സദസ്സില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. 10 ഡോക്യുമെന്ററികളുടെ ഒരു പാക്കേജാണ് കേരള കഫേ. പ്രവാസ ലോകത്തിന്റെ കഷ്ടതകളും സുഖങ്ങളും പൊങ്ങച്ചങ്ങളും ചിത്രീകരിക്കുന്നതായിരുന്നു ഇതിലെ നൊസ്റ്റാള്‍ജിയ എന്ന ഭാഗം.

പത്ത് സിനിമയിലെയും പ്രധാന താരങ്ങള്‍ പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ്. ഇവരെല്ലാവരും നഗരത്തിലെ റെസ്‌റ്റോറന്റായ കേരള കഫേയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ചിത്രം.

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും സുരേഷ്‌ഗോപിയും പൃഥ്വിരാജും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പത്ത് സംവിധായകരാണ് സിനിമ ഒരുക്കിയത്. ഈ മാസം 29നാണ് സിനിമ കേരളത്തില്‍ തിയേറ്ററുകളിലെത്തുന്നത്. സംവിധായകരായ രഞ്ജിത്ത്, ലാല്‍ജോസ് തുടങ്ങിയവര്‍ അബൂദബിയിലെ പ്രദര്‍ശനത്തില്‍ സന്നിഹിതരായിരുന്നു.

ശ്രീനിവാസന്‍, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ശ്വേതമേനോന്‍, നവ്യാനായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ലാല്‍ജോസ്, ഷാജി കൈലാസ്, അന്‍വര്‍ റഷീദ്, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണന്‍, രേവതി, അഞ്ജലി മേനോന്‍, എം.പി. പത്മകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഉദയ് അനന്തന്‍ എന്നിവരാണ് സംവിധായകര്‍. മമ്മൂട്ടിയും സുരേഷ്‌ഗോപിയുമുണ്ടെങ്കിലും ഒരു താരത്തിനും പ്രത്യേക പരിവേഷം നല്‍കാതെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മേളയില്‍ വെള്ളിയാഴ്ച ഏറെ പ്രശംസ പിടിച്ചുപറ്റിയതും കേരള കഫേയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.