kerala cabinetതിരുവനന്തപുരം: അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിന് ശേഷം മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ പടിയിറങ്ങുന്നു. ഈ മന്ത്രിസഭയുടെ അവസാന യോഗം ഏപ്രില്‍ 11ന് ബുധനാഴ്ച ചേരും. ശേഷം സാങ്കേതികാര്‍ത്ഥത്തില്‍ കുറച്ച് ദിവസം കൂടി ഇവര്‍ പദവിയില്‍ തുടരും.

മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍, മന്ത്രിമാരായ തോമസ് ഐസക്ക്, പി.കെ. ഗുരുദാസന്‍, ജി. സുധാകരന്‍, മുല്ലക്കര രത്‌നാകരന്‍, കോടിയേരി ബാലകൃഷ്ണന്‍, എ.കെ. ബാലന്‍, സി.ദിവാകരന്‍, ജോസ് തെറ്റയില്‍, വി. സുരേന്ദ്രന്‍ പിള്ള, എസ്. ശര്‍മ, എളമരം കരീം, എം.എ. ബേബി, എന്‍.കെ. പ്രേമചന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരെല്ലാം ഇത്തവണയും ജനവിധി തേടിയവരാണ്. ഇവരില്‍ ആരെല്ലാം തിരിച്ചു നിയമസഭയിലേക്ക് വരുമെന്നറിയില്ല. വന്നാല്‍ തന്നെ ഇടതുപക്ഷത്തിന് വീണ്ടും മന്ത്രിസഭയുണ്ടാക്കാനാകുമെന്ന് ഉറപ്പുമില്ല.

അവസാനത്തെ മന്ത്രിസഭാ യോഗത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് സദ്യയൊരുക്കി സത്കരിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം നടക്കും. ശേഷം ഉച്ചയ്ക്ക് തൈയ്ക്കാട് ഗസ്റ്റ് ഹൗസിലാണ് സദ്യ.

മെയ് നാലിന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ തന്നെയാണ് തങ്ങള്‍ക്ക് വി.എസ് വിരുന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. വി.എസ് സമ്മതിക്കുകയും ചെയ്തു.

ശക്തമായ ജനകീയ അഭിലാഷത്തിന്റെ പിന്‍ബലത്തില്‍ അധികാരത്തിലേറുന്ന സര്‍ക്കാറുകളെ അഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും ജനങ്ങള്‍ വെറുക്കുന്ന സ്ഥിതിയാണ് കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ടത്. എന്നാല്‍ അതില്‍ നിന്ന് വിഭിന്നമായിരുന്നു വി.എസ് സര്‍ക്കാര്‍. സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളൊന്നും തന്നെ തിരഞ്ഞെടുപ്പ് കാലത്തില്ലായിരുന്നു.

എന്നാല്‍ സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന സി.പി.ഐ.എം ആഭ്യന്തര വടംവലികളാല്‍ ആടിയുലയുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വര്‍ഷം കണ്ടത്. സര്‍ക്കാറിലുപരിയായി ജനങ്ങള്‍ ചര്‍ച്ച ചെയ്തതും ഈ രാഷ്ട്രീയമായിരുന്നു.