കെ.എം മാണി അവതരിപ്പിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് കേരള ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത പുതിയ രാഷ്ട്രീയ വിവാദത്തിന് വഴി തെളിച്ചിരിക്കയാണ്. സര്‍ക്കാറിന്റെ ബജറ്റിനെതിരെ സ്വന്തം എം.എല്‍.എമാര്‍ വരെ പരസ്യമായി രംഗത്ത് വന്ന സംഭവം ഏറെ കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

ബജറ്റ് പ്രാദേശികമായ അസന്തുലിതാവസ്ഥ പാലിക്കാതെ ചില ജില്ലകള്‍ക്ക് അമിത പ്രധാന്യം നല്‍കിയെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പരാതി. പ്രധാനമായും കോട്ടയത്തേക്ക് നോക്കുന്നതാണ് ബജറ്റെന്നാണ് ആക്ഷേപം. മത്സ്യത്തൊഴിലാളി തീരദേശ മേഖലകള്‍ അവഗണിക്കപ്പെട്ടുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Subscribe Us:

ബജറ്റിനെക്കുറിച്ച് സ്വന്തം എം.എല്‍.എമാര്‍ക്ക് തന്നെ പരാതിയുണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ അത് ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയും മറ്റും പരിഹരിക്കുകയാണ് ചെയ്യാറ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോഴത്തേത്. ബജറ്റ് പ്രസംഗം കഴിഞ്ഞ ഉടന്‍ തന്നെ പ്രതാപന്‍ മാണിയെക്കണ്ട് തന്റെ പരാതി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റിനെയും ഉമ്മന്‍ചാണ്ടിയെയും കണ്ട് പരാതി രേഖാമൂലം നല്‍കി. ശേഷം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പ്രതാപന്‍ പരാതി പര്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പ്രതാപനൊപ്പം വി.ടി ബലറാം, ഹൈബി ഈഡന്‍, കെ.എം ഷാജി തുടങ്ങിയ എം.എല്‍മാരും പരാതിയുമായി രംഗത്തുണ്ട്. ബജറ്റ് പ്രാദേശിക സന്തുലിതാവസ്ഥ പാലിച്ചില്ലെന്ന പരാതിയെക്കുറിച്ച് പ്രമുഖര്‍ ‘ഡൂള്‍ന്യൂസ് ലഞ്ച്‌ബ്രേക്കു’ മായി സംസാരിക്കുന്നു.

മേഖലാപരമായ അസന്തുലിതാവസ്ഥയുണ്ടാക്കും (വി.എസ് അച്ച്യുതാനന്ദന്‍-പ്രതിപക്ഷ നേതാവ്)

vs achuthanandanകെ.എം മാണി അവതരിപ്പിച്ച ബജറ്റ് മേഖലാപരമായ അസന്തുലിതാവസ്ഥക്ക് വഴിവെക്കും. ഭൂപരിഷ്‌കരണത്തില്‍ കൈവെക്കാനുള്ള യു.ഡി.എഫിന്റെ നീക്കത്തിന്റെ സൂചനകള്‍ ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. ഭൂപരിഷ്‌കരണം അട്ടിമറിക്കാന്‍ മാണി മുമ്പും ശ്രമിച്ചിരുന്നു.

ഒരു രൂപക്ക് അരി 20 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ്. മുന്‍ സര്‍ക്കാറിന്റെ പദ്ധതികള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. 30 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപക്ക് അരി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ബജറ്റ് ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ മേഖല അവഗണിക്കപ്പെട്ടു, തൃശൂരിനെ മറന്നു( ടി.എന്‍ പ്രതാപന്‍-തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് എം.എല്‍.)

tn-prathapanകെ.എം മാണി അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് എനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ബജറ്റിനായി സമര്‍പ്പിച്ച പ്രധാന നിര്‍ദേശങ്ങളൊന്നും തന്നെ പ്രഖ്യാപനത്തില്‍ വന്നിട്ടില്ല. തീരദേശ മേഖലക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട പല നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല.

തൃശൂര്‍ ജില്ലയില്‍ നിന്ന് മൂന്നാമത്തെ തവണയാണ് താന്‍ എം.എല്‍.എയാകുന്നത്. തൃശൂര്‍ ജില്ല പ്രതീക്ഷിച്ച പലതും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ലാറ്റിന്‍, ധീവര, മത്സ്യബന്ധന മേഖല അവഗണിക്കപ്പെട്ടിരിക്കയാണ്. ചില ജില്ലകള്‍ക്ക് അമിത പ്രധാന്യം നല്‍കിയെന്ന പരാതി മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇതെല്ലാം വരും. അതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

കെ. കരുണാകരന്‍ മരിച്ചതിന് ശേഷം നടക്കുന്ന ആദ്യ ബജറ്റ് എന്ന നിലയില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്ന ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല.

ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എ എന്ന നിലയില്‍ ബജറ്റിനെ പിന്തുണച്ച് സംസാരിക്കും. പാര്‍ട്ടി മര്യാദ പാലിച്ച് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല.

പ്രാദേശിക സന്തുലിതാവസ്ഥ പാലിച്ചില്ല, വിഷയം ചര്‍ച്ച ചെയ്യും(വി.ടി ബല്‍റാം-കോണ്‍ഗ്രസ് എം.എല്‍.എ)

കെ.എം മാണി അവതരിപ്പിച്ച കേരള ബജറ്റില്‍ പ്രാദേശികമായ സന്തുലിതാവസ്ഥ പാലിച്ചിട്ടില്ല. പാലക്കാട് പോലെയുള്ള പിന്നാക്ക ജില്ലകളുടെ വികസനത്തെക്കുറിച്ച് ബജറ്റില്‍ ഒന്നും പറയുന്നില്ല. ചില സ്ഥലങ്ങള്‍ക്ക് അമിതമായ പ്രാധാന്യം ലഭിപ്പോള്‍ ചില സ്ഥലങ്ങളെ അവഗണിച്ചു. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് അറിയില്ല. കെ.എം മാണിയോട് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിഷയം പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലും മറ്റു വേദികളിലും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബജറ്റ് പാസാക്കുന്നതിന് മുമ്പായി ഈ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാവുമെന്നാണ് കരുതുന്നത്. വികസനം മുന്നോട്ട് വെക്കുന്ന ബജറ്റിനെ പൊതുവായി പിന്തുണക്കുകയാണ്.

ബജറ്റിനെതിരെ ഹര്‍ത്താല്‍ ഉള്‍പ്പെടെ ആലോചിക്കും(തോമസ് ഐസക് എം.എല്‍.എ-മുന്‍ ധനമന്ത്രി)

കഴിഞ്ഞ ബജറ്റില്‍ കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളുടെ വികസനത്തിനായി 500കോടി രൂപ ബജറ്റില്‍ വിലയിരുത്തിയിരുന്നു. കെ.എം. മാണി ഇതിനെ തള്ളിക്കൊണ്ട് കോട്ടയത്തിനുമാത്രമായി സേവനങ്ങള്‍ ഒതുക്കി. കോട്ടയത്തിന് വികസന പദ്ധതികള്‍ നല്‍കിയത് ശരിയായില്ല എന്നല്ല പറയുന്നത്. മറ്റിടങ്ങളെ അവഗണിച്ച് കോട്ടയത്തിനായി ബജറ്റ് ഒതുക്കിയത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

കേരള കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളാണെന്ന് കരുതി കോട്ടയത്തെ തഴുകുന്നത് ശരിയല്ല. എല്‍.ഡി.എഫിനെ ശക്തമായി പിന്തുണച്ച് എന്ന ഒറ്റക്കാരണം കൊണ്ട് ആലപ്പുഴയെ ബജറ്റില്‍ തഴഞ്ഞുകളഞ്ഞു.

ഇതിനെതിരെ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഈ ബജറ്റിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിവരും. ഇടതുപക്ഷത്തെക്കാള്‍ ബജറ്റിനെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ തന്നെയാണ്. ഇതിനെതിരെ അവര്‍ പരസ്യമായി രംഗത്തെത്തികഴിഞ്ഞു. ടി.എന്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ള എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുമുണ്ട്.

പരാതി ഔദ്യോഗികമായി പരിഹരിക്കണം (കെ.എന്‍.എ ഖാദര്‍-മലപ്പുറം ജില്ലയിലെ മുസ്‌ലിലീഗ് എം.എല്‍.എ)

ഏതെങ്കിലും ജില്ലയ്‌ക്കോ പ്രദേശത്തിനോ കൂടുതല്‍ പ്രാധാന്യം നല്‍കിയതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ബജറ്റ് പ്രസംഗം മാത്രമാണ് കഴിഞ്ഞത്. ബജറ്റിന്റെ ഡീറ്റെയില്‍സ് കിട്ടിക്കഴിഞ്ഞാല്‍ മാത്രമേ ഇത്തരമൊരു ആരോപണത്തില്‍ സത്യമുണ്ടോയെന്ന് പറയാന്‍ കഴിയൂ.

എല്ലാ പ്രദേശത്തോടും വിഭാഗത്തോടും നീതി പുലര്‍ത്തിയും സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതുമായ ബജറ്റായാണ് എനിക്ക് തോന്നിയത്. ഭരണപക്ഷത്തുള്ളവര്‍ത്തന്നെ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗികമായി പരിഹരിക്കണം.

ജനറലി നല്ല ബജറ്റായാണ് എനിക്ക് തോന്നുന്നത്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് ശക്തിപ്പെടുത്തി നിക്ഷേപം ആകര്‍ഷിക്കാനുതകുന്ന ബജറ്റാണിത്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ വികസന മുരടിപ്പില്‍ നിന്ന് മാറി ജനക്ഷേമപരമായ വികസനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണിത്.