കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണിനായി അണിഞ്ഞൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കിറ്റ് കൊച്ചില്‍ ലോഞ്ച് ചെയ്തു. കൊച്ചി ലുലു മാളില്‍ വച്ചു നടന്ന ചടങ്ങില്‍ ടീമിലെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും മലയാളി താരം റിനോ ആന്റോയുമടക്കമുള്ള താരങ്ങള്‍ പങ്കെടുത്തു.

അതേസമയം, ടീമിലെ മറ്റൊരു മലയാളി താരമായ സി.കെ വിനീത് ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കൊച്ചിയ്ക്ക് പുറമെ കോഴിക്കോടും ലോഞ്ചിംഗ് പരിപാടിയുണ്ട്. വിനീത് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ ഇയാം ഹ്യൂം ഇനി തന്ന സ്‌നേഹം കളിയിലൂടെ തിരിച്ചു നല്‍കാന്‍ തങ്ങള്‍ക്കുള്ള അവസരമാണെന്നും പറഞ്ഞു. ഇന്ത്യയില്‍ പലയിടത്തും കളിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ ആരാധകര്‍ വേറെ ലെവലാണെന്നും ഹ്യൂമേട്ടന്‍ പറയുന്നു.


Also Read: ‘ആരും കാണാതിരിക്കാന്‍ ഞാന്‍ തല കുനിച്ച് പിടിച്ചാണ് കരഞ്ഞത്, അതുകൊണ്ട് ക്യാമറകളിലും പതിഞ്ഞില്ല’; തന്നെ പൊട്ടിക്കരയിപ്പിച്ച താരമാരെന്ന് വെളിപ്പെടുത്തി ധോണി


മലയാളി താരം റിനോ ആന്റോയും ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞു. താരങ്ങള്‍ക്കൊപ്പം ടീം മാനേജുമെന്റ് പ്രതിനിധിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ ഐക്കണ്‍ നിറമായ മഞ്ഞ നിറത്തില്‍ തന്നെയാണ് പുതിയ ജേഴ്‌സിയും തയ്യാറാക്കിയിരിക്കുന്നത്. തോളിലും ഇരുവശങ്ങളിലുമായി നീല വരകളുമുണ്ട്. അതേസമയം, പുതിയ ജേഴ്‌സിയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു വരുന്നത്. ടീമിന് പിന്തുണയറിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയപ്പോള്‍ ചിലരൊക്കെ പുതിയ ജേഴ്‌സി പോരെന്ന് അഭിപ്രായപ്പെടുന്നവരാണ്.