Categories

മുല്ലപ്പെരിയാര്‍: നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം മാത്രമാണു പോം വഴിയെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉപക്ഷേപം അവതരിപ്പിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംന്ധിച്ച നിയമ നടപടികള്‍ അനന്തമായി നീളുന്നത് ആശങ്കയ്ക്ക് ഇടയാക്കും. തമിഴ്‌നാടുമായി നല്ല ബന്ധം തുടരും. ആവശ്യമുള്ള വെള്ളം നല്‍കുമെന്ന് തമിഴ്‌നാടിന് ഉറപ്പുനല്‍കാന്‍ തയാറാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നത് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ തമിഴ്‌നാട് പരിഗണിക്കാത്തതില്‍ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി ഉണ്ടായ ഭൂകമ്പ ഭീഷണിയും ഡാമിന്റെ പഴക്കവും മൂലം മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെപ്പറ്റിയും നിലനില്‍പ്പിനെപ്പറ്റിപ്പോലും ഗുരുതരമായ ഭീഷണിയുണ്ടായിട്ടുള്ള സാഹചര്യമാണെന്നും ഡാമിലെ ജലനിരപ്പ് 120 അടിയാക്കി താഴ്ത്താനും പുതിയ ഡാം നിര്‍മിക്കാനും ലക്ഷക്കണക്കിനു ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ചു സഭ ചര്‍ച്ച ചെയ്യണമെന്നു ഉപക്ഷേപത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ സഭയില്‍ വിളിച്ചുവരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കുശേഷം സംസാരിച്ച പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ വളരെ രൂക്ഷമായി വിമര്‍ശിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എജിയുടെ നടപടി പരാമര്‍ശിക്കാന്‍ കഴിയില്ല. അത്രയ്ക്ക് വഷളത്വമാണ് എജി കാണിച്ചത്. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എജിക്ക് വളംവെച്ചുകൊടുത്തു. തിരുവഞ്ചൂരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇവരെ സംരക്ഷിക്കുകയാണ് ചെയ്തത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച നിലപാടിനെ തകര്‍ക്കുന്നതായിരുന്നു എജിയുടെ നടപടി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇതൊരു ആയുധമാക്കിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തില്‍ നിയമസഭാ സമ്മേളനത്തെ ഉപയോഗിക്കണമെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സഭയില്‍ പറഞ്ഞു. കേരളത്തിന്റെ അഭിമാനവും അവകാശവും സംരക്ഷിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

മൂന്നുമണിക്കൂര്‍ ചര്‍ച്ചയാണ് ഇന്ന് സഭയില്‍ നടക്കുക. രാവിലെ ഒമ്പതിന് തുടങ്ങിയ സമ്മേളനം ഉച്ചയ്ക്ക് 12 ന് അവസാനിക്കും. മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയത്തേയും സുരക്ഷാഭീഷണിയേയും പറ്റി ചര്‍ച്ചചെയ്ത് അനന്തര നടപടികള്‍ തീരുമാനിക്കാനാണ് സമ്മേളനത്തിലെ ചര്‍ച്ച.
Malayalam news

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.