തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രത്യേക സംഘം രൂപീകരിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാന്‍ ഡി ജി പി ജേക്കബ് പുന്നൂസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. തീവ്രവാദ ബന്ധമുള്ള കേസുകള്‍ മുഴുവന്‍ എന്‍ ഐ എക്ക് നല്‍കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങളും പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു.

സ്‌ക്വാഡിന്റെ ഭാഗമായി പ്രത്യേക നിയമനങ്ങളും നിയമ ദേദഗതികളും ആവശ്യമായതിനാല്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ എല്ലാ കേസുകളും സി ബി ഐ. ഏറ്റെടുക്കണം എന്ന് പറയുന്നതുപോലെ എന്‍ ഐ എക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.