കോഴിക്കോട്: സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ് നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശരാശരി 75.72 ശതമാനം പോളിംഗ് നടന്നതായാണ് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങളെത്തുടര്‍ന്ന് കണ്ണൂരിലെ നാല് ബൂത്തുകളില്‍ റീപോളിംഗിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തളിപ്പറമ്പിലെ പട്ടവത്തെ രണ്ടുവാര്‍ഡുകളിലും പയ്യന്നൂര്‍ നഗരസഭയിലെ ഒരു വാര്‍ഡിലുമാണ് റീപ്പോളിംഗ് നടക്കുക.

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുജില്ലകളിലും 75 ശതമാനം പോളിംഗ് നടന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കണ്ണൂര്‍ 72, കൊല്ലം 69, പത്തനംതിട്ട 65, തിരുവനന്തപുരം 53 എന്നിങ്ങനെയാണ് പോളിംഗ്.

പരക്കെ അക്രമങ്ങളാണ് തദ്ദേശതിരഞ്ഞെടുപ്പുമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് പ്രധാനമായും അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുള്ളത്. ആറളം, വിളക്കോട് എന്നിവിടങ്ങളില്‍ നാടന്‍ ബോംബു സ്‌ഫോടനം നടന്നു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാനെത്തിയ പോലീസിനു നേരെയും ബോംബേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. അതിനിടെ ജില്ലയില്‍ പരക്ക അക്രമം നടന്നതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി ജി പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏഴു ജില്ലകളിലെ 510 തദ്ദേശ സ്ഥാപനങ്ങളിലെ 9238 വാര്‍ഡുകളിലേക്കാണ് ഇന്ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കണ്ണൂരില്‍ പലയിടത്തും അക്രമമുണ്ടായി. കണ്ണൂരില്‍ നാലിടങ്ങളില്‍ 25 ന് റീപോളിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പിനിടെ കണ്ണൂര്‍ വിളക്കോട് ബോംബേറിനെത്തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവച്ചു. ചിറ്റാടിപ്പറമ്പ് പൂവത്തിങ്കലില്‍ സി.പി.ഐ.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ആറളത്തും ബോംബ് സ്‌ഫോടനമുണ്ടായി.

മുഴക്കുന്ന് വുളക്കോടില്‍ ബോംബാക്രമണത്തെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് ഉപയോഗിച്ചു. തളിപ്പറമ്പിലെ പട്ടുവത്തെ രണ്ടു വാര്‍ഡുകളിലും പയ്യന്നൂര്‍ നഗരസഭയിലെ ഒരു വാര്‍ഡിലും അക്രമത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപ്പോളിംഗിന് ഉത്തരവിട്ടു. ഇവിടെ വീണ്ടും 25ന് വോട്ടെടുപ്പ് നടക്കും.

പട്ടുവത്ത് ബാലറ്റ് പേപ്പര്‍ തട്ടിയെടുക്കുകയും പയ്യന്നൂരില്‍ വോട്ടിങ് യന്ത്രം തല്ലിത്തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് റീപോളിംഗ് വേണ്ടിവന്നത്. കണ്ണൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഡി.ജി.പിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. പ്രതിപക്ഷനേതാവിന്റെ പരാതിയെത്തുടര്‍ന്നാണിത്.

കോഴിക്കോട് കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ കുറ്റിച്ചിറയിലെ നാലാം ബൂത്തില്‍ ഒരു വിഭാഗങ്ങള്‍ തമ്മില്‍ നേരിയ തോതില്‍ കയ്യാങ്കളി നടന്നു. അവശരായവരെ വോട്ട് ചെയ്യിക്കാനുള്ള ശ്രമമാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കയ്യാങ്കളിയിലും കലാശിച്ചത്. കാസര്‍ക്കോട് നീലേശ്വരം പാലായില്‍ സി.പി.എം. വിമത സ്ഥാനാര്‍ഥിയുടെ ഏജന്റുമാരെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൊന്നമംഗലത്ത് സ്വാതന്ത്ര സമര സേനാനിയുടേത് അടക്കം ഇരുപത്തിയഞ്ച് പേരുടെ വോട്ട് മറ്റാരോ ചെയ്തതായി പരാതി ഉയര്‍ന്നു. കണ്ണൂരില്‍ ഒരു പോളിങ് ഉദ്യോഗസ്ഥനും കോഴിക്കോട്ട് വോട്ട് ചെയ്തിറങ്ങിയ ഒരു സ്ത്രീയും കുഴഞ്ഞുവീണ് മരിച്ചു. അടൂരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റിനെ പോലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്.