ന്യൂദല്‍ഹി: കേരളത്തിലെ നേതാക്കള്‍ ഉള്‍പ്പെട്ട കോഴയാരോപണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍. വിഷത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തി.

വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ സി.പി.ഐ.എം അംഗം എം.ബി രാജേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.


Dont Miss മുലഞെട്ടുകള്‍ ഞെരടിപൊട്ടിച്ചു, കരഞ്ഞപ്പോള്‍ ലിംഗത്തില്‍ മര്‍ദിച്ചു: മുടി നീട്ടിയതിന്റെ പേരില്‍ ‘പൊലീസ് കൊന്ന’ ദളിത് യുവാവ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂരപീഡനം


അതേസമയം വിഷയത്തില്‍ കേന്ദ്രം പാര്‍ട്ടി സംസ്ഥാന നേതാക്കളോട് വിശദീകരണം തേടിയിട്ടുണ്ട്. വിഷയം ഗൗരവമുള്ളതാണെന്ന നിഗമനത്തിലാണ് ബി.ജെ.പി കേന്ദ്രനേതൃത്വം. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുറിച്ചും പാര്‍ട്ടി അന്വേഷിക്കും. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ബി.ജെ.പി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയ അന്വേഷണ റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഓഫീസില്‍ നിന്ന് ചോര്‍ന്നെന്നാണ് ആരോപണം.

സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളേജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.

വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണകമ്മിഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആര്‍. ഷാജി ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗികനേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചര്‍ച്ചയാക്കി. ദല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

ഷാജിയുടെ പരാതിയില്ലാത്ത എം.ടി രമേശിന്റെ പേരുകൂടി അന്വേഷണത്തിനിടെ കടന്നുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ രമേശ് മുഖേന കാശ് നല്‍കിയെന്നായിരുന്നു പരാമര്‍ശം. അതേസമയം ആരോപണം എം.ടി രമേശ് നിഷേധിക്കുയായിരുന്നു. പാലക്കാട് ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ഒരു ടീം തന്നെ സമീപിച്ചിരുന്നെങ്കിലും തനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലെന്നു പറഞ്ഞ് തിരിച്ചയച്ചതായി രമേശ് പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ, കമ്മിഷന്‍ അംഗങ്ങളെപ്പറ്റിയും ലഭിച്ച പരാതികളെക്കുറിച്ചും ആര്‍. എസ് വിനോദിന് വിവരങ്ങള്‍ കിട്ടിയതും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

അതേസമയം റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്ന് ആര്‍.എസ്.എസ് നേതൃത്വത്തെ കുമ്മനം അറിയിച്ചിട്ടുണ്ട്.

വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടമയ്ക്ക് എം.ബി.ബി.എസിന് 150 സീറ്റുകള്‍ അധികമായി അനുവദിക്കാന്‍ നടത്തിയ ഇടപെടലുകളിലാണ് കേരളത്തിലെ ബി.ജെ.പിയെ വെട്ടിലാക്കിയത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടി വന്നതോടെ കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മീഷനെ വെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

കെ.പി ശ്രീശനും എ.കെ നസീറും ഉള്‍പ്പെടുന്ന രണ്ടംഗ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ശനിയാഴ്ച ആലപ്പുഴയില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കാന്‍ ഇരിക്കെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത്.