ബെര്‍ലിന്‍: പുരുഷ വിഭാഗം മാരത്തണ്‍ ലോക റെക്കോര്‍ഡ് ഇനി കെനിയന്‍ താരം പാട്രിക് മക്കാവുവിന് സ്വന്തം. ബെര്‍ലിന്‍ മാരത്തണില്‍ രണ്ട് മണിക്കൂര്‍ മൂന്ന് മിനുട്ട് മുപ്പത്തിയെട്ട് സെക്കന്റില്‍ ഫിനിഷ് ചെയ്താണ് മക്കാവു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. മൂന്ന് വര്‍ഷം മുമ്പ് എത്യോപ്യയുടെ ഹെയ്‌ലി ഗബ്രിസെലാസി കുറിച്ച രണ്ട് മണിക്കൂര്‍ മൂന്ന് മിനുട്ട് അന്‍പത്തിയൊന്‍പത് സെക്കന്റിന്റെ ലോകറെക്കോര്‍ഡാണ് മക്കാവുവിന്റെ കുതിപ്പില്‍ പഴങ്കഥയായത്.

42.195 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ ബെര്‍ലിന്‍ മാരത്തണില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് മക്കാവു സ്വര്‍ണ്ണം നേടുന്നത്. കഴിഞ്ഞ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തി അധികം വൈകാതം തിരിച്ചെത്തിയ ഗബ്രിസെലാസി 27 കിലോമീറ്റര്‍ വരെ മക്കാവുവിനോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ കടുത്ത വയറുവേദനയെതുടര്‍ന്ന് മത്സരത്തിനിടെ ഗബ്രിസെലാസി പിന്മാറുകയായിരുന്നു. വനിതാ വിഭാഗത്തില്‍ കെനിയയുടെ തന്നെ ഫ്‌ലോറന്‍സ് കിപ് ലഗാത്തിനാണ് സ്വര്‍ണ്ണം.