Administrator
Administrator
അവസാനിച്ച വംശഹത്യ; അവസാനിക്കാത്ത വംശഹത്യ
Administrator
Saturday 3rd March 2012 7:06pm

‘ഈ സംഘടനയുടെ കൈകള്‍ ചോരയില്‍ മുങ്ങിയിരിക്കുകയാണ്…. ഒരിക്കലും അവരുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ല. എല്ലാ കലാപങ്ങളുടെയും വേര് കിടക്കുന്നത് രാഷ്ട്രീയ സ്വയം സേവക സംഘത്തിലാണ്. കൊലയാളി സംഘങ്ങള്‍ക്ക് രക്ഷിക്കാവുന്നതല്ല ഹിന്ദുമതം.’ (ഗാന്ധിജി, 1947)

‘ആരുടെയും സമ്മര്‍ദമില്ലാതെ സ്വന്തം പ്രദേശത്തിന്റെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റി ‘മുഖ്യധാര’ക്ക് പ്രിയംകരമായ പേരുകള്‍ സന്തോഷപൂര്‍വം സ്വീകരിച്ചവര്‍ക്ക് ഗുജറാത്തില്‍ എന്തു സംഭവിച്ചു എന്ന് മാത്രം നോക്കിയാല്‍  സംഘ്പരിവാരത്തിന്റെ സംസ്‌കാര സ്‌നേഹത്തിന്റെ പൂച്ച് പുറത്തു ചാടും. രാമായണ, മഹാഭാരത സീരിയലുകള്‍ കണ്ട് അതിനോടാഭിമുഖ്യം തോന്നിയ പ്രതാപ് നഗറിലെ ഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനത പ്രസ്തുത പ്രദേശത്തിന് ‘രാമായണ നഗര്‍’ എന്ന് പേര് നല്‍കി. പക്ഷേ അവരും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല. സംഘ്പരിവാര്‍ പരസ്യപ്പെടുത്തുന്ന ‘തനിമ’യില്‍ പറ്റിച്ചേര്‍ന്നിട്ട് പോലും ‘രാമായണ നഗര്‍’ നിവാസികള്‍ രക്ഷപ്പെട്ടില്ല’. (കെ.ഇ.എന്‍ 2003)

എസ്സേയ്‌സ് / കെ.ഇ.എന്‍ കുഞ്ഞഹമ്മദ്

ഗുജറാത്തില്‍ സംഘ്പരിവാറിന്റെ ജില്ലാ നേതൃത്വത്തില്‍ മാത്രം പരിമിതപ്പെട്ടിരുന്ന നരേന്ദ്ര മോഡി ‘ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രി’യെന്ന ഒരു രുധിര പ്രതീക്ഷയിലെത്തി നില്‍ക്കുകയാണ്. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും വിപുലമായ പ്രചാരണം ഇല്ലാതിരുന്ന ആളാണ് ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഈ ഒരിന്ത്യന്‍ പൗരന്‍. ഒരാള്‍ പ്രശസ്തനാകുന്നത് ഒന്നുകില്‍ സാമൂഹിക പ്രവര്‍ത്തനം കൊണ്ടായിരിക്കണം. അല്ലെങ്കില്‍ ധൈഷണിക പ്രവൃത്തികള്‍കൊണ്ടോ സംഘടനാ പ്രവര്‍ത്തനം കൊണ്ടോ ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ടോ ആയിരിക്കും. എന്നാല്‍ മോഡിക്ക് അത്തരം പാരമ്പര്യമൊന്നുമില്ല. ബി.ജെ.പിയുടെ സംഘടനാ പ്രവര്‍ത്തന പാരമ്പര്യം പോലുമില്ല. ഒരൊറ്റ വംശഹത്യ കൊണ്ടാണ്, ഡല്‍ഹിയിലേക്ക് അലറിപ്പായാന്‍ മാത്രം മോഡി വളര്‍ന്നത്. ചെളിയില്‍ നിന്ന് താമരയെന്ന പോലെ ചോരയില്‍ നിന്ന് മോഡി വിടര്‍ന്നു. ഗുജറാത്തില്‍ വംശഹത്യ നടന്നില്ലായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെയൊരു മോഡി നിലവില്‍ വരില്ലായിരുന്നു. ക്രൂരന്മാരെ വീരന്മാരാക്കുന്ന വിദ്യ ഫാസിസത്തിന്റെ ‘ബലതന്ത്ര’ങ്ങളില്‍ പ്രധാനമാണല്ലോ.

2002 ഫെബ്രുവരി 27ന് ആരംഭിച്ച വംശഹത്യ അവസാനിച്ചു എന്നാശ്വസിക്കുന്നവരുണ്ട്. പ്രത്യക്ഷത്തില്‍ അത് ശരിയുമാണ്. എന്നാല്‍ വംശഹത്യയുടെ മുറിവുകളും പ്രയാസങ്ങളും വിവേചന ഭീകരതയും ന്യൂനപക്ഷങ്ങള്‍ അവിടെ ഇപ്പോഴും അനുഭവിക്കുന്നു. 2002ലെ പ്രത്യക്ഷ വംശഹത്യ അവസാനിച്ചു എന്നത് ആശ്വാസം പകരുന്നതാണ്. എന്നാല്‍ പ്രച്ഛന്നമായി അത് തുടരുന്നു എന്നത് അതിനേക്കാള്‍ ആശങ്കാജനകവുമാണ്. ‘കൊല്ലപ്പെട്ട ഞങ്ങളുടെ ബന്ധുക്കള്‍ക്ക് ഹൃദയാലുവായ ഭൂമിയെങ്കിലും അഭയം നല്‍കും; ഞങ്ങള്‍ക്കോ?’ എന്ന അവരുടെ പത്ത് കൊല്ലം മുമ്പത്തെ ചോദ്യം ഇന്നും ഉത്തരമില്ലാതെ ഗുജറാത്തിന്റെ ആകാശത്ത് അലയുകയാണ്.  അതേസമയം വംശഹത്യ നിലച്ചെന്ന ആശ്വാസത്തില്‍ പുറത്തുനിന്ന് കവിതയായി, കഥയായി, പ്രഭാഷണങ്ങളായി, സന്ദര്‍ശനങ്ങളായി അവര്‍ക്ക് ലഭിച്ചിരുന്ന സാന്ത്വനം നിലക്കുകയും ചെയ്തിരിക്കുന്നു.

വംശഹത്യക്ക് പത്ത് വര്‍ഷമാകുമ്പോഴും ഗുജറാത്തിലെ ഇരകള്‍ ഒരു രണ്ടാം തരം പൗരത്വം അനുഭവിക്കുന്നു എന്നത് വികസന വീമ്പുകളുടെ വാചാടോപങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുകയാണ്. മറ്റു മനുഷ്യര്‍ പൗരത്വം അനുഭവിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഒരു തരം ‘പ്രജാപദവി’യാണ് ഗുജറാത്തില്‍ അനുഭവിക്കുന്നത്. അവരെ ഭരിക്കുന്നത് ഭയമാണ്.  നരേന്ദ്ര മോഡി എന്തുകൊണ്ട് പിന്നെയും തിരഞ്ഞെടുക്കപ്പെടുന്നു എന്ന് ചോദിക്കുന്നവരുണ്ട്. അവിടെ ജയിക്കുന്നത് ഭയമാണ്. ഭരിക്കുന്നത് ഭയമാണ്. സര്‍ക്കാര്‍ തന്നെ ഔദ്യോഗിക ഭീകര സാന്നിധ്യമായി മാറുന്നു. ഫാസിസത്തിന്റെ നിരന്തര തുറിച്ചുനോട്ടങ്ങള്‍ക്കും നിരന്തര കടന്നാക്രമണങ്ങള്‍ക്കും എല്ലാ വിധ ഒത്താശയും ചെയ്തുകൊടുക്കുന്നു.

ഇരകളായ ഈ രണ്ടാം തരം പൗരത്വമനുഭവിക്കുന്നവര്‍ മാത്രമല്ല, അല്‍പ്പമെങ്കിലും മനുഷ്യത്വമുള്ളവരും ഭീതിയുടെ നിഴലിലാണ്; ഭീഷണിയുടെ മുനമ്പിലാണ്. ഉദ്യോഗസ്ഥന്മാര്‍ രാജി വെക്കേണ്ടിവരുന്നു, അവരെ വേട്ടയാടുന്നു. വംശഹത്യക്ക് നേതൃത്വം നല്‍കിയ മോഡി വീരതാര പദവിയില്‍ അവതരിപ്പിക്കപ്പെടുന്ന ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍  പ്രാഥമിക പൗരനീതിക്ക് വേണ്ടി ഇപ്പോഴും നിലവിളിക്കുന്നു. എന്നാല്‍ നമ്മുടെ ഔദ്യോഗിക ദേശീയത ഈ അലമുറയിടലിനോട് അലസമായല്ല  പ്രതികരിക്കുന്നതെന്ന് ആര്‍ക്കും പറയാനാകില്ല.  ഇരകള്‍ക്ക് ഇപ്പോഴും ഭയരഹിതമായ ഒരന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ നമ്മുടെ ജനാധിപത്യ രാജ്യത്തിന് കഴിഞ്ഞിട്ടില്ല എന്നത് എത്രമാത്രം ലജ്ജാകരമല്ല.

‘മോഡി മാജിക്’, ‘വികസനത്തിന്റെ മികച്ച മാതൃക’ തുടങ്ങിയ വ്യാജപ്രചാരണങ്ങളിലൂടെ മോഡി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മാന്യപരിവേഷത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാന്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് പോലുമാകുന്നില്ല.  കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഹിന്ദിയില്‍ തയ്യാറാക്കിയ ലഘുലേഖയില്‍ മോഡിയെ പ്രശംസിക്കുകയും ഇംഗ്ലീഷില്‍ തയ്യാറാക്കിയതില്‍ വിമര്‍ശിക്കുകയും ചെയ്തു കോണ്‍ഗ്രസ്. ഇത്തവണ സര്‍വാത്മനാ അവര്‍ പ്രശംസകൊണ്ട് മൂടുകയാണ് മോഡിയെ. പരിമിതമായെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന  കോണ്‍ഗ്രസ് ഗുജറാത്തില്‍ ഫാസിസവുമായി ശൃംഗരിക്കുന്ന നൃശംസതയാണ് കാണുന്നത്. സ്വയം സമ്മിതി നിര്‍മിക്കുന്ന മോഡിക്ക് ഒരു കൈ സഹായം! ഇന്ത്യന്‍ ഫാസിസത്തിനും മതതീവ്രവാദിത്തിനുമെതിരെയുള്ള ദീര്‍ഘവും ക്ലേശകരവുമായ സമരത്തില്‍ ‘സൗമ്യ ഹിന്ദുത്വ’  പ്രകടനങ്ങള്‍കൊണ്ട് തിരഞ്ഞെടുപ്പില്‍ പോലും കാര്യമായ ഒരു പ്രയോജനവുമില്ലെന്ന് ആവര്‍ത്തിച്ച് അനുഭവബോധ്യമായിട്ടും ഇന്നും കോണ്‍ഗ്രസ് പോലുള്ള മതേതര പാര്‍ട്ടികള്‍ അത്തരം മോഹം ഉപേക്ഷിക്കുന്നില്ല. ഇതോടൊപ്പം ഇന്ത്യന്‍ ഔദ്യോഗിക ദേശീയതയുടെ ആഭിമുഖ്യവും മോഡിക്ക് സഹായകമാകുന്നുണ്ട്.

ജീവിച്ചിരിക്കുന്നു എന്നതിന് ഹാജരാക്കാന്‍ കരിഞ്ഞ മനസ്സും മുറിവേറ്റ ശരീരവുമല്ലാതെ മറ്റൊന്നുമില്ലാതെ പത്ത് കൊല്ലമായി കഴിയുന്ന  ലക്ഷക്കണക്കിന് മനുഷ്യരുടെ മുമ്പില്‍ നിന്നാണ് വികസനത്തിന്റെ പളപളപ്പിനെക്കുറിച്ചുള്ള വായാടിത്തം! അവിടെ ഉണ്ടെന്ന് പറയുന്ന വികസനം തീര്‍ത്തും അശ്ലീലമായ ഒരസംബന്ധമാണ്. ജന ജീവിതത്തിന്റെ വളര്‍ച്ചയോ ജനാധിപത്യപരമായ വികസനമോ അല്ല, മറിച്ച് പ്രച്ഛന്നമായ ഒരു തരം കുത്തകവത്കരണമാണ് ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

വംശഹത്യക്ക് നിലമൊരുക്കിയ സാഹചര്യം ഇപ്പോഴും ഗാന്ധിജിയുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ഫാസിസം ഏത് സമയത്തും ഫണം വിടര്‍ത്താമെന്ന അസ്വസ്ഥജനകമായ ഒരു മുന്നറിയിപ്പാണ്.

2002ലെ വംശഹത്യക്ക് ശേഷം ഗുജറാത്തിന്റെ ആകാശത്ത് സമാധാനത്തിന്റെ പ്രാവുകളല്ല, ഭീതിയുടെ ആക്രോശങ്ങളാണ് വട്ടമിട്ടു പറക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകള്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ അരങ്ങേറുകയും നീതി നിരന്തരം അപഹസിക്കപ്പെടുകയും ചെയ്യുന്നു. പീഡിതരെ പിന്നെയും പിന്നെയും ഭയപ്പെടുത്താനും പീഡിതരുടെ പിന്മുറക്കാരെ വിധേയരായ ഒരു ജനതയാക്കാനുമുള്ള ഔദ്യോഗിക പരിശ്രമങ്ങളാണ് നിരന്തരം നടന്നുകൊണ്ടിരിക്കുന്നത്.

ഇതിനിടയിലും, തങ്ങള്‍ക്കെതിരെ തല പൊക്കാനിടയുള്ള ചെറിയ തെളിവുകള്‍ പോലും ഫാസിസ്റ്റുകളെ പരിഭ്രാന്തരാക്കുന്നു. സത്യത്തിന്റെ ഇലയനക്കങ്ങള്‍ പോലും അവരുടെ സുഖ നിദ്രകളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് വംശഹത്യയുടെ തെളിവുകള്‍ അവര്‍ നശിപ്പിക്കുകയും അധികാരമുപയോഗിച്ച് അലോസര ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നത്. സുപ്രീം കോടതിക്ക് പോലും പറയേണ്ടിവന്നല്ലോ, ഗുജറാത്തിലെ കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന്. എങ്കില്‍ പിന്നെ ഗുജറാത്തിന്റെ സാമൂഹിക അവസ്ഥ എന്തായിരിക്കും?

‘ഗുജറാത്ത് ശാന്തമായി’ എന്നത് സത്യത്തില്‍ ഗുജറാത്തിനെ അശാന്തമാക്കിയ ഫാസിസത്തിന്റെ രാഷ്ട്രീയ പ്രചാരണം മാത്രമാണ്. 1930കളില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയ നീണ്ട കത്തികളുടെ കാള രാത്രികളുടെ കാലത്ത് ഗീബല്‍സ് പറഞ്ഞതും ഇങ്ങനെയായിരുന്നു. ജൂതവേട്ടയുടെ കരളലിയിക്കുന്ന കഥകള്‍ കേട്ട് ലോകം പൊട്ടിത്തെറിച്ചപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗീബല്‍സ് പ്രഖ്യാപിച്ചത് ജര്‍മനി ശാന്തമാണ്, മറിച്ചുള്ളതെല്ലാം കുപ്രാചരണമാണ് സംശയമുള്ളവര്‍ക്ക് ജര്‍മനി സന്ദര്‍ശിക്കാനും സത്യാവസ്ഥ മനസ്സിലാക്കിത്തരാനും തങ്ങള്‍ സൗകര്യം ചെയ്തുതരാം എന്നായിരുന്നു. യഥാര്‍ഥത്തില്‍ പുറമേക്കെങ്കിലും, അവിടെയിപ്പോഴുള്ളത് ശ്മശാനത്തിലെ ശാന്തിയല്ല, മറിച്ച് ശാന്തിയുടെ ശ്മശാനത്തില്‍ നിന്നുയരുന്ന നിസ്സഹായതയാണ്.

വംശഹത്യക്ക് നിലമൊരുക്കിയ സാഹചര്യം ഇപ്പോഴും ഗാന്ധിജിയുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ഫാസിസം ഏത് സമയത്തും ഫണം വിടര്‍ത്താമെന്ന അസ്വസ്ഥജനകമായ ഒരു മുന്നറിയിപ്പാണ്.  വിദ്യാലയങ്ങളിലും സാംസ്‌കാരിക തലങ്ങളിലും ആണ് വംശഹത്യയുടെ നിലമൊരുക്കല്‍ ആദ്യം നടന്നത്. ചരിത്രത്തില്‍ വഷം കലര്‍ത്തിയാണ് വംശഹത്യ ആസൂത്രണം ചെയ്തതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഇതിനിടയില്‍ സ്വയം സമ്മിതി നിര്‍മിക്കാന്‍ നരേന്ദ്ര മോഡിയും അദ്ദേഹത്തിന് വീരപരിവേഷവും വികസന നായക മുഖവും ചാര്‍ത്തിക്കൊടുക്കാന്‍ വ്യവസായ മാധ്യമ കുത്തകകളും വലിയ ശ്രമങ്ങള്‍ നടത്തുമ്പോഴും അല്‍പ്പം മനുഷ്യത്വമെങ്കിലുമുള്ളിലുള്ളവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നത് ആവേശകരമാണ്. വിദേശ രാജ്യങ്ങളിലേക്ക് വിസ നിഷേധിക്കപ്പെടുന്നു, സ്വന്തം സഖ്യകക്ഷികള്‍ പോലും അകലം പാലിക്കുന്നു. സര്‍ക്കാര്‍ ചെലവിലും സര്‍ക്കാറേതര ചെലവിലും പ്രചാരണ കോലാഹലങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും ബി ജെ പിയുടെ സഖ്യ കക്ഷികള്‍ പോലും നരേന്ദ്ര മോഡിയെ അടുപ്പിക്കുന്നില്ല എന്നത് ആവേശകരമാണ്.

‘ഗുജറാത്ത്’, കൂടുതല്‍ ‘ഗുജറാത്തുകള്‍’ ഉണ്ടാകാതിരിക്കാനുള്ള  പ്രതികരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കവിതയും കഥയും നോവലും സിനിമയും ടെലിഫിലിമുകളുമായി സാംസ്‌കാരിക ധൈഷണിക ലോകം പ്രതികരിച്ചു. മലയാളത്തില്‍ സച്ചിദാനന്ദന്‍, ഒ.എന്‍.വി, കടമ്മനിട്ട തുടങ്ങിയവര്‍ ശക്തമായി പ്രതികരിച്ചു. ഇംഗ്ലീഷില്‍ നിരവധി പ്രബന്ധങ്ങള്‍ ഉണ്ടായി. ചരിത്രകാരന്മാര്‍ ശക്തമായി പ്രതികരിച്ചു.

എന്നാല്‍ മതേതരവാദികളെങ്കിലും മൃദുഹിന്ദുത്വം മനസ്സില്‍ കൊണ്ടുനടക്കുന്നവരെ ഗുജറാത്തിനെതിരായ രൂക്ഷ വിമര്‍ശങ്ങള്‍ പൊള്ളിച്ചു. വംശഹത്യയുടെ വേരുകളിലേക്ക് കണ്ണ് തുറക്കുന്ന വിമര്‍ശങ്ങള്‍ക്കെതിരെ കടുത്ത അസഹിഷ്ണുത ഇന്നും നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വിധികളാല്‍ മലിനമായിരുന്നു അവരുടെ കാഴ്ചപ്പാടുകള്‍ എന്നതാണ് ഈ വിദ്വേഷത്തിന് കാരണം. വംശഹത്യയെയും ഗുജറാത്തിനെയും ഇടക്കിടെ ഇങ്ങനെ ഓര്‍മിപ്പിക്കുന്നത് ഇനി ഇന്ത്യയിലെന്നല്ല, ലോകത്തൊരിടത്തും ഇങ്ങനെയൊരാവര്‍ത്തനം ഉണ്ടാകരുതെന്ന  ആത്മാര്‍ഥമായ ആഗ്രഹം കൊണ്ടാണ്. അല്ലാതെ സഹതാപ തരംഗം സൃഷ്ടിക്കാനല്ല. ഇനിയൊരിക്കലും ഒരിടത്തും ഇനിയിതാവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ജനാധിപത്യ ജാഗ്രതയാണ്  വംശഹത്യയും അതിനു ശേഷമുള്ള പത്ത് വര്‍ഷവും മനുഷ്യരോടാവശ്യപ്പെടുന്നത്. ‘മനുഷ്യ സംസ്‌കാരം കാടത്തത്തിന്റെ ദംഷ്ട്രക്കുള്ളില്‍ ഞെരിഞ്ഞമരാന്‍ ഒരിക്കലും അനുവദിച്ചുകൂടാ’ എന്ന് രവീന്ദ്രനാഥ ടാഗോര്‍ സ്‌പെയിനിലെ ഫാസിസ്റ്റ് അതിക്രമത്തിനെതിരെ പ്രതികരിച്ചത് ഈ കാലത്തും പ്രസക്തമാണ്.

മനുഷ്യത്വത്തിനെതിരെ നിര്‍വഹിക്കപ്പെടുന്ന ക്രൂരതകള്‍, കാരുണ്യത്തിന്റെ ഒരു ലോകം നിലനില്‍ക്കുന്ന കാലത്തോളം ഏറ്റവും ചുരുങ്ങിയത് ഓര്‍മിക്കപ്പെടുക തന്നെയെങ്കിലും ചെയ്യും. അതില്‍ അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് ആത്മവിചാരണ നടത്താനുള്ള വിനയവും വിവേകവും കാണിക്കുകയാണ് വേണ്ടത്. നിരന്തരം ചവിട്ടേല്‍ക്കുന്ന ഒരു വിഭാഗത്തിന്റെ ആര്‍ത്ത നാദം കേള്‍ക്കാന്‍ കഴിയാത്ത ബാധിര്യം ബാധിച്ചതായി ഏറെക്കാലം അവര്‍ക്ക് അഭിനയിക്കാനാകില്ല.

തയ്യാറാക്കിയത്: പി.കെ.എം അബ്ദുള്‍ റഹ്മാന്‍
കടപ്പാട്: സിറാജ് ദിനപത്രം

Advertisement