keli

റിയാദ്: സംഘപരിവാര്‍ ശക്തികളുടെ കപട ദേശീയത രാജ്യത്തിനാപത്താണെന്നും  ഇന്ത്യയില്‍ ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമെ കഴിയുകയുള്ളു എന്നും കേളി സാംസ്‌ക്കാരിക വേദി.

Subscribe Us:

ജെ.എന്‍.യു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ‘ഫാസിസത്തിന്റെ അഛാദിന്‍ കലാശാലകളിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി കേളി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവരാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ചോദ്യം ചെയ്യുക എന്നത് ഫാസിസത്തിന്റെ പരിധിക്കു പുറത്തുള്ള കാര്യമാണ്. ഇന്ത്യയിലെ ബൗദ്ധിക കേന്ദ്രങ്ങളായ പ്രമുഖ സര്‍വ്വകലാശാലകളില്‍ നിന്ന് ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യമാണുള്ളത്.

അതുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങളെ തകര്‍ക്കാനായി ഹിറ്റ്‌ലര്‍-ഗീബത്സ് തന്ത്രങ്ങളെ അനുസ്മരിക്കും വിധം കള്ളക്കേസുകളുണ്ടാക്കി കപട ദേശീയതയുടെ പേരില്‍ വിദ്യാര്‍ഥിനേതാക്കളെ വേട്ടയാടുന്നതെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട്  ടിആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

ചടങ്ങില്‍ കേളി സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ സിയാദ് മണ്ണഞ്ചേരി അധ്യക്ഷനായിരുന്നു.  സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടിആര്‍ സുബ്രഹ്മണ്യന്‍ വിഷയം അവതരിപ്പിച്ചു.

പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഇ സന്തോഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും വേട്ടയാടപ്പെടുകയാണ്.

വൈവിധ്യപൂര്‍ണ്ണമായ മാനവികതയെ വിവിധ ദേശീയ മൗലികവാദങ്ങളുടെ തടവിലിടാന്‍ കപട ദേശീയവാദികള്‍ ഹിംസാല്‍മകമായിതന്നെ ശ്രമിക്കുകയാണ്. പൊതുസമൂഹത്തിന്റെ ബൗദ്ധികപ്രേരണയുടെ ഉറവിടമാണ് സര്‍വ്വകലാശാലകള്‍.

ഡല്‍ഹിയിലെ ജെഎന്‍യു ആണെങ്കില്‍ ഇന്ത്യന്‍ മതേതര ജനാധിപത്യബോധത്തിന്റെ അക്കാദമിക ചിഹ്നമാണ്.  എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ എഴുപതുകളില്‍ ഇന്ത്യയിലെ ഭരണകൂടം ഉപയോഗിച്ച അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കും വിധമാണ് ഇപ്പോഴത്തെ മോദി സര്‍ക്കാര്‍ ജെഎന്‍യുവില്‍ ഇടപെടുന്നത്.

അത്തരം ഇടപെടലുകള്‍ക്കെതിരെ എല്ലായിടങ്ങളില്‍ നിന്നും എല്ലാതരത്തിലുമുള്ള പ്രതികരണങ്ങളും പ്രതിരോധവും ഉയര്‍ന്നുവരേണ്ടതുണ്ടെന്നും  ഇ സന്തോഷ് കുമാര്‍ പറഞ്ഞു.

ഫാസിസ്റ്റുകള്‍ എല്ലാ കാലത്തും ഭയന്നിരുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സിരാകേന്ദ്രമായ ദല്‍ഹിയില്‍ നിന്നുതന്നെ ഭരണകൂട ഭീകരതെക്കെതിരെ ഉണ്ടാകുന്ന ചെറുത്തുനില്‍പ്പ്്  ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നതിനാലാണ് വളരെ ആസൂത്രിതമായി മോദി സര്‍ക്കാര്‍ അവരുടെ മര്‍ദ്ദകോപകരണങ്ങള്‍ ജെ.എന്‍.യുവിനു നേരെ ഉപയോഗിക്കുന്നത്.

അത്തരം ഭരണകൂട ഭീകരതക്കെതിരെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതെന്നും പ്രമുഖ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ ബിജെപി സര്‍ക്കാരിനു പകരം മറ്റൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കഴിഞ്ഞേക്കാം. എന്നാല്‍ ഇന്ത്യയില്‍ ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമെ കഴിയുകയുള്ളു എന്നും ജയചന്ദ്രന്‍ നെരുവമ്പ്രം കൂട്ടിച്ചേര്‍ത്തു.

ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, ന്യൂഏജ് സെക്രട്ടറി സക്കറിയ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സാംസ്‌കാരിക വിഭാഗം അംഗങ്ങളായ സിജിന്‍ കൂവള്ളുര്‍ സ്വാഗതവും ജോഷി പെരിങ്ങനം നന്ദിയും പറഞ്ഞു.

കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ് കുഞ്ഞു വള്ളികുന്നം, രക്ഷാധികാരി സമിതി അംഗം ദസ്തക്കീര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.